തിരുവനന്തപുരം: 'ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്. ഇത്തരം ഭാരം ഇറക്കിവയ്ക്കേണ്ടി വരുമെന്നുമാണ് തോന്നുന്നത്. വ്യാഴാഴ്ച എ.കെ.ജി സെന്ററിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു പരാമർശമാണിത്. എന്നാൽ മുഖ്യമന്ത്രി ഉദ്ദേശിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് പത്മകുമാറിന്റെ രാജിവാർത്ത പരന്നത്. ബോർഡിന്റെ കാലാവധി നവംബർ 14വരെയുണ്ട്. കാലാവധി കഴിയും മുമ്പ് പ്രസിഡന്റിനെയോ അംഗങ്ങളെയോ മാറ്റാൻ സർക്കാരിന് കഴിയില്ല. എന്നാൽ പാർട്ടി രാജി ആവശ്യപ്പെട്ടാൽ അനുസരിക്കേണ്ടി വരും. എന്നാൽ തന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പദ്മകുമാർ വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ ശുദ്ധിക്രിയ വിവാദത്തിൽ തന്ത്രിയോട് വിശദീകരണം തേടി തടിയൂരിയെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസ്വസ്ഥത പുകയുന്നു. 22നുള്ളിലാണ് തന്ത്രി വിശദീകരണം നൽകേണ്ടത്. എന്നാൽ ശുദ്ധിക്രിയയുടെ ഉത്തരവാദിത്വം തന്ത്രിയുടെ തലയിൽ കെട്ടിവച്ച് ഒഴിയാൻ കഴിയില്ലെന്നതാണ് ബോർഡിനെ ആശങ്കയിലാഴ്ത്തുന്നത്.
ശുദ്ധിക്രിയ നടത്തും മുമ്പ് ബോർഡ് പ്രസിഡന്റ് അടക്കം ഉത്തരവാദപ്പെട്ടവരെ അറിയിച്ചതായാണ് തന്ത്രി വെളിപ്പെടുത്തിയത്. പക്ഷേ, ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ബോർഡ് അംഗം കെ.പി.ശങ്കരദാസ് വ്യക്തമാക്കി. മാത്രമല്ല തന്ത്രിക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതു ശങ്കരദാസും ദേവസ്വം കമ്മിഷണറുമാണ്. ശുദ്ധിക്രിയ നടത്തിയാൽ അത് കോടതി അലക്ഷ്യമാവുമെന്ന് തന്ത്രിക്ക് ദേവസ്വം കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അറിയുന്നത്.