കോഴിക്കോട്: ആലപ്പാട് കരിമണൽ വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. 'വ്യവസായ വകുപ്പാണ് ഇതിന് മുൻകൈ എടുക്കേണ്ടത്. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സർക്കാർ നടപ്പാക്കു'മെന്നും മന്ത്രി പറഞ്ഞു. കര സംരക്ഷിക്കാൻ സർക്കാർ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരിമണൽ ഖനനത്തെ തുടർന്ന് ഗുരുതര പ്രശ്‌നങ്ങൾ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാസമിതി റിപ്പോർട്ട് അവഗണിക്കപ്പെട്ടിരുന്നു. ഖനനത്തിലേർപ്പെട്ടിരിക്കുന്ന ഇന്ത്യൻ റയർ എർത്തും കേരള മിനറൽസ് ആന്റ് മെറ്റൽസും വീഴ്‌ചകൾ വരുത്തിയെന്ന് സഭാസമിതിയുടെ റിപ്പോർട്ട് പറയുന്നു. ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മേൽനോട്ടസമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാർശ ചെയ്‌തതും നടപ്പായില്ല.
പൊൻമന, ആലപ്പാട് എന്നീ ഗ്രാമങ്ങളിൽ നിന്നായി 40.46 ഹെക്‌ടറാണ് ഇന്ത്യൻ റെയർ എർത്ത് വില കൊടുത്ത് വാങ്ങി കരിമണൽ ഖനനം നടത്തുന്നത്. അറുപത് വർഷമായി ഈ ഭാഗങ്ങളിൽ ഖനനം നടക്കുന്നു. ഓരോ വർഷവും കൂടുതൽ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. 1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ ഭൂവിസ്‌തൃതി ഉണ്ടായിരുന്ന പ്രദേശം ഖനനം മൂലം 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയതായാണ് റിപ്പോർട്ട്.