കൊല്ലം ബൈപാസ് നിർമ്മാണം പൂർണമായും എൽ.ഡി.എഫിന്റെ നേട്ടമായി ചിത്രീകരിക്കുകയാണ് മന്ത്രി ജി.സുധാകരൻ. കൊല്ലം ബൈപാസ് നവകേരളസൃഷ്ടിയുടെ ഭാഗമെന്നാണ് വാദം. നവകേരളസൃഷ്ടി പ്രഖ്യാപനം 2018 ഓഗസ്റ്റിലെ പ്രളയത്തിന് ശേഷമുള്ളതാണ്. 2015 ന് നിർമ്മാണമാരംഭിച്ച ബൈപാസ് നവകേരള നിർമ്മിതിയുടെ പട്ടികയിൽപ്പെടുത്തി പ്രചരിപ്പിക്കുന്നത് വസ്തുതയാണോ? ഉമ്മൻചാണ്ടി സർക്കാർ മൂന്നുവർഷം കൊണ്ട് 30 ശതമാനം പണി പൂർത്തീകരിച്ചു എന്ന പ്രസ്താവന ഉചിതമാണോ?
നിർമ്മാണകരാർ ഉറപ്പിച്ചത് 2015 ലാണ്. ഇത് 2013-2014, 2014-2015 വർഷങ്ങളിൽ നടന്നെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമല്ലേ ? നാലുപതിറ്റാണ്ടുകളായി മുടങ്ങികിടന്ന കൊല്ലം ബൈപാസിന്റെ മൂന്നും നാലും ഘട്ടം നിർമ്മാണത്തിനുളള സാഹചര്യമൊരുക്കിയത് യു.പി.എ - യുഡിഎഫ് ഗവൺമെന്റുകളും എം.പിയായിരുന്ന പീതാംബരകുറുപ്പുമാണ്. 2011 സെപ്തംബർ 26 ന്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേന്ദ്ര ദേശീയപാതാ മന്ത്രാലയത്തിന് കൊല്ലം ആലപ്പുഴ ബൈപാസിന്റെ നിർമ്മാണത്തിന് തയ്യാറാണെന്ന് സമ്മതമറിയിച്ച് കത്തെഴുതി. തുടർന്ന് കേന്ദ്ര ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് നടപടി സ്വീകരിച്ചു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയ്ക്ക് 2012 ഒക്ടോബർ 31ന് 50:50 എന്ന വ്യവസ്ഥയിൽ കൊല്ലം ആലപ്പുഴ ബൈപാസുകൾ നിർമ്മിക്കുന്നതിന് സമ്മതമാണോ എന്നാരാഞ്ഞു. 2012 സെപ്തംബർ 17 ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി 50 : 50 വ്യവസ്ഥയിൽ നിർമ്മാണം നടത്താൻ സമ്മതമറിയിച്ചു കത്തു നൽകി (നം.14374/ഡി3/2012/പി.ഡബ്ല്യു.ഡി) ഇങ്ങനെയാണ് 8.35 കിലോമീറ്റർ ദൂരം ബൈപാസ് രണ്ടുവരി പാതയ്ക്കുള്ള നടപടിയുണ്ടായത്. 17/01/2014 ൽ 267.16 കോടി രൂപയ്ക്ക് പദ്ധതി അംഗീകാരം ലഭിച്ചു.
2009 മേയ് 22 മുതൽ 2014 മേയ് 26 വരെ ഭരിച്ചിരുന്നത് യു.പി.എ സർക്കാരായിരുന്നു. 2011 മുതൽ 2016 വരെ കേരളം ഭരിച്ചിരുന്നത് ഉമ്മൻചാണ്ടി സർക്കാരും. കൊല്ലം ബൈപാസ് പദ്ധതിയ്ക്ക് അംഗീകാരവും മറ്റ് അനുമതികളും നൽകിയത് യു.പി.എ യു.ഡി.എഫ് സർക്കാരുകളാണ്. അവകാശവാദങ്ങൾ വസ്തുതാപരമായി ജനങ്ങളെ ബോധ്യപ്പെടുത്തുക. 2014 ൽ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതനുസരിച്ച് ടെണ്ടർ നടപടികൾ ആരംഭിച്ചു. ടെണ്ടറിൽ ഉയർന്ന തുക വന്നതിനാൽ ഭരണാനുമതിയും സാമ്പത്തിക - സാങ്കേതിക അനുമതിയും പുതുക്കേണ്ടി വന്നു.
352 . 5 കോടി രൂപയുടെ പദ്ധതിയ്ക്ക് 2015 ജനുവരി 23 ന് (RW/NH-12037/434/2009-KL/P7) ആയി ഉത്തരവ് ലഭിച്ചു. 2015 ജനുവരി 24 ന് പ്രവൃത്തി അനുവദിച്ച് ഉത്തരവായി. 2015 ഫെബ്രുവരി 11 ന് (2/CENH/Kerala/2014-2015) കരാർ ഒപ്പുവച്ചു. ഇതനുസരിച്ച് പ്രവൃത്തി ആരംഭിക്കേണ്ടത് 2015 മേയ് 27 നാണ്. നിർമ്മാണോദ്ഘാടനം 2015 ഏപ്രിൽ 10 ന് മുഖ്യമന്ത്രിയും ദേശീയപാതയുടെ ചുമതലയുളള കേന്ദ്രമന്ത്രിയും ചേർന്ന് നിർവഹിച്ചു. തടസം നേരിടാതിരിക്കാൻ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട് എന്നിവയുടെ പട്ടികയിൽപ്പെടുത്തി ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്താൻ എം.പി. എന്ന നിലയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി പദ്ധതി ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി. 2016 മാർച്ച് 4 ന് അസംബ്ലി ഇലക്ഷനുളള വിജ്ഞാപനം പുറത്തുവന്നു. ഉമ്മൻചാണ്ടി ഗവൺമെന്റിന് പ്രവർത്തനത്തിന് ലഭിച്ചത് 2015 മേയ് 27 മുതൽ 2016 മാർച്ച് നാല് വരെയുളള 9 മാസവും അഞ്ച് ദിവസവുമാണ്. കേന്ദ്രമന്ത്രാലയം അംഗീകരിച്ച സമയക്രമമനുസരിച്ച് നിർമ്മാണം നടത്തിയിരുന്നെങ്കിൽ 2017 നവംബർ 26 ന് നിർമ്മാണം പൂർത്തീകരിക്കാമായിരുന്നു. 2018 ആഗസ്റ്റ് 22 ന് ദീർഘിപ്പിച്ച തീയതി കഴിഞ്ഞിട്ടും, പണിപൂർത്തിയാകാതിരുന്നപ്പോൾ കാലാവധി നീട്ടാൻ നീക്കമുണ്ടായി. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രാലയത്തിന്റെ നിർബന്ധിത നിലപാടിന്മേലാണ് കാലാവധി നീട്ടാനുളള ശ്രമം പരാജയപ്പെട്ടത്.
പദ്ധതിയിൽ തെരുവ് വിളക്കുകൾ ഉൾപ്പെട്ടിട്ടില്ല എന്നത് അധികാരത്തിലേറി രണ്ടുവർഷമായിട്ടും മനസിലാക്കാനായില്ലേ? വൈദ്യുതീകരണത്തിന് മൂന്നുമാസമെടുക്കുമെന്ന് പറയുന്നത് ഉദ്ഘാടനം നീട്ടാനുള്ള പദ്ധതിയാണെന്ന് മനസിലാക്കി യു.ഡി.എഫ് ജനകീയ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. അടുത്ത തീയതിയിൽ ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് എം.പിയെന്ന നിലയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. ജനുവരിയിൽ കമ്മിഷനിംഗ് ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. തുടർന്ന് കേന്ദ്ര ദേശീയപാതാ മന്ത്രാലയം ജനുവരിയിൽ ബൈപാസ് ഉദ്ഘാടനത്തിനുള്ള സൗകര്യം ആരാഞ്ഞ് സംസ്ഥാനത്തിന് കത്ത് നൽകി. സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജനുവരിയിൽത്തന്നെ ഗതാഗതത്തിനായി ബൈപ്പാസ് തുറന്നു കൊടുക്കുമെന്ന് വാർത്തകൾ വന്ന് മൂന്നാംദിവസം ഫെബ്രുവരി രണ്ടിന്റെ പ്രഖ്യാപനം മരാമത്ത് വകുപ്പ് മന്ത്രി നടത്തി. നിജസ്ഥിതിയറിയാൻ കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയപ്പോഴാണ് മന്ത്രാലയമോ കേന്ദ്രമന്ത്രിയോ അറിയാതെയാണ് കേന്ദ്രപദ്ധതിയായ നാഷണൽ ഹൈവേ ബൈപാസിന്റെ ഉദ്ഘാടന തീയതി ഏകപക്ഷീയമായി സംസ്ഥാനം തീരുമാനിച്ചതായി അറിയുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രാലയം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ തീരുമാനിക്കുകയും, ആദ്യം വിവരം സംസ്ഥാന സർക്കാരിനെയും സ്ഥലം എം.പി എന്ന നിലയിൽ എന്നെയും അറിയിച്ചത്.
ബൈപാസിന്റെ ഒന്നാംഘട്ടം 1993 ൽ ആരംഭിച്ച് 1996 ൽ പൂർത്തിയായി. എസ്.കൃഷ്ണകുമാർ ആയിരുന്നു എം.പി. രണ്ടാംഘട്ടം 1998 ൽ ആരംഭിച്ച് 1999 ൽ പൂർത്തിയായി. രണ്ടാംഘട്ടത്തിന്റെ ഭരണപരമായ നടപടികളും നിർമ്മാണവും പൂർത്തീകരിച്ചത് ഞാൻ എം.പിയായിരുന്നപ്പോഴാണ്. പി. രാജേന്ദ്രൻ എം.പി ആയിരുന്നപ്പോഴാണ് കമ്മിഷനിംഗ് നടന്നത് . പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ഫയലുകളും കൊല്ലത്തെ പ്രബുദ്ധരായ ജനങ്ങളും സംസാരിക്കട്ടെ.