bindhu-thankam-kalyani

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ശബരിമല ദർശനത്തിന് പുറപ്പെട്ടു എന്ന കാരണത്താൽ നിരവധി പ്രതിഷേധങ്ങളെ അതിജീവിക്കേണ്ടി വന്ന അദ്ധ്യാപികയാണ് ബിന്ദു തങ്കം കല്യാണി. അട്ടപ്പാടിയിൽ ബിന്ദു പഠിപ്പിക്കുന്ന സ്‌കൂളിലെത്തി നാമജപക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സമരക്കാരുടെ ഭീഷണി തുടരുന്നതിനാൽ തന്റെ മകൾക്ക് ഒരു മാസമായി സ്‌കൂളിൽ പോകാനാവുന്നില്ലെന്ന് ബിന്ദു ആരോപിക്കുന്നു. അഡ്മിഷന് ശ്രമിച്ച സ്‌കൂൾ പ്രിൻസിപ്പലിനെ സംഘപരിവാർ പ്രവർത്തകരെത്തി ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായെന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു. ഇത്തരം സംഭവങ്ങളിലൂടെ കടന്ന് പോയ മകളുടെ മാനസിക വിഷമവും സമ്മർദ്ദവും ഫേസ്ബുക്ക് പോസ്റ്റിൽ അവർ പങ്കുവയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു മാസത്തിലധികമായി ഭൂമി സ്കൂളിൽ പോകുന്നില്ല. അത് Lack of interest കൊണ്ടല്ല.. പൊതു വിദ്യാലയത്തിൽ തന്നെയാണ് ഭൂമി LKG മുതൽ ഇതുവരെ പഠിച്ചത്.. ഞാൻ കോഴിക്കോട് നിന്ന് അട്ടപ്പാടിക്ക് ട്രാൻസ്ഫർ ആയി വന്നപ്പോഴും ഭൂമിയെ ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെയാണ് ചേർത്തത്.. ഭൂമിക്ക് അവിടെ നിന്നും നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങളും മറ്റ് മോശമായ അനുഭവങ്ങളും കൊണ്ടാണ് ആ സ്കൂളിലേക്ക് പോകുന്നില്ല എന്ന് അവൾ തീരുമാനിച്ചത്.. ഇതിനെതിരെ ഞാൻ കൂടി പഠിപ്പിക്കുന്ന സ്കൂൾ എന്ന നിലക്കും ശബരിമല പ്രവേശനത്തിന് ശ്രമിച്ചു എന്നതിന്റെ കാരണത്താൽ നിലനിൽക്കുന്ന സംഘർഷങ്ങളും പരിഗണിച്ചും തന്നെയാണ് സ്കൂളിലെ അധ്യാപകനെതിരെ പോലും പരാതി പറയാതെ ഭൂമിയെ സ്വസ്ഥമായ ഒരന്തരീക്ഷത്തിലേക്ക് മാറ്റി നിർത്താൻ പുതിയ സ്കൂൾ അന്വേഷിച്ച് പോയത്.. നാമജപക്കാരുടെ ശരണംവിളി / തെറിവിളി ഭീഷണികൾ നിലനിന്നപ്പോൾ ഒരധ്യാപിക എന്ന നിലയിൽ എനിക്ക് വേണ്ടി ശക്തമായ പിന്തുണയുമായി വന്ന PTA ഉള്ള സ്കൂൾ കൂടിയാണിത്.. ആ Support ഇപ്പോഴും എനിക്കുണ്ട്.. ഒരധ്യാപകൻ ഭൂമിയോട് മോശമായി പെരുമാറുന്നു എന്നതുകൊണ്ട് ഒരു സ്കൂൾ മുഴുവൻ അതിന് ഉത്തരവാദിയാവുന്നില്ല. സ്കൂളിൽ അഡ്മിഷൻ നിഷേധിച്ചു എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല, പരാതിപ്പെട്ടിട്ടുമില്ല.. ആനക്കട്ടി വിദ്യാവനം സ്കൂളിൽ സംഘപരിവാർ എത്തി പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ താൽക്കാലികമായി അവർ അഡ്മിഷൻ പരിപാടികൾ നിർത്തിവെച്ചു.അത് എന്നെ അറിയിക്കുകയും ചെയ്തിരുന്നു.. പിന്നീടാരും അവിടുന്ന് എന്നെ വിളിച്ചിട്ടില്ല.. എന്നാൽ ഞാൻ അഗളി സ്കൂളിനെ മോശമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നൊരു വ്യാപകമായ പ്രചരണം നടക്കുന്നതായി അറിഞ്ഞു.. എന്നാൽ അങ്ങനെ ഒന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല.. കാരണം അങ്ങനെയെങ്കിൽ ഭൂമിയെ മാറ്റാൻ ശ്രമിക്കും മുൻപേ എനിക്ക് പരാതി നൽകാമായിരുന്നു.. ഭൂമിയെ മാറ്റുന്ന വിവരം എനിക്കും സ്കൂളിലെ ചില അധ്യാപകർക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.. TC യെ ക്കുറിച്ച് ചർച്ച ചെയ്തപ്പോൾ വിദ്യാവനം സ്കൂളിലാണ് ചേർക്കുന്നതെന്ന് സ്കൂളിലെ ചില അധ്യാപകരോട് പറഞ്ഞിരുന്നു.. അഗളിയിൽ നിന്ന് ആരോ ആനക്കട്ടിയിലേക്ക് ഫോൺ വിളിച്ച് ഞങ്ങൾ അഡ്മിഷന് ചെല്ലുന്ന വിവരം അറിയിച്ചതിൻ പ്രകാരമാണ് അവിടെ നാമജപക്കാർ കൂടിയത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്..അപ്പോൾ ആരാണ് വിദ്യാവനം സ്കൂളിൽ ഞങ്ങളെ തടയാൻ ആളെ ഏർപ്പാടാക്കാൻ അഗളിയിൽ നിന്ന് ഫോൺ വിളിച്ച് പറഞ്ഞത് എന്ന് അന്വേഷിക്കപ്പെടണം. സൈബർ സെല്ലിന് പരാതി കൊടുക്കുന്നുണ്ട്.. സത്യം പുറത്ത് വരണം.. ഒരു കുഞ്ഞിന്റെ വിദ്യാഭ്യാസം മുടക്കി ഞങ്ങളെ അപമാനിക്കാൻ വഴിമരുന്നിട്ടത് ആരാണെന്ന് പുറത്ത് വരണം.. ആ കൊടും ക്രൂരതയെ, കുറ്റവാളിയെ പൊതു സമൂഹം അറിയണം.. ' വിദ്യാവനത്തിൽ നാമജപക്കാരുടെ ഭീഷണിയെത്തുടർന്ന് തിരിച്ചു പോരേണ്ടി വന്നപ്പോഴാണ് എന്തുകൊണ്ട് ഭൂമിയെ അഗളി GHS ൽ നിന്ന് മാറ്റേണ്ടി വന്നു എന്ന് പറയാൻ ഞാൻ നിർബന്ധിതയായത്.. അതും ഭൂമി ക്ലാസ് ടീച്ചറിൽ നിന്നും കൂട്ടുകാരിൽ നിന്നും നേരിട്ട പ്രശ്‌നങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ.. സ്കൂൾ മോശമാണെന്ന പ്രചരണം ഞാൻ എവിടേയും നടത്തിയിട്ടില്ല.. അത് ഒരു കുപ്രചരണമാണ്.. അഗളി സ്കൂളിൽ ഒരു മാസത്തിലേറെയായി പോകാൻ പറ്റാത്തതും ഒരുപാട് പ്രതീക്ഷയോടെ ആഗ്രഹിച്ചു പോയ വിദ്യാവനത്തിൽ അഡ്മിഷൻ കിട്ടാതെ പോയതും ഭൂമിയെ മാനസികമായി ബാധിച്ചിട്ടുണ്ട്.. തൽക്കാലം അവൾ സ്വസ്ഥയാവും വരെ പഴയ സ്കൂളിലേക്കോ പുതിയ സ്‌കൂളിലേക്കോ അവളെ പറഞ്ഞയക്കുന്നില്ല.. അവളുടെ മാനസിക സ്വസ്ഥത തന്നെയാണ് ഈ ഘട്ടത്തിൽ എനിക്ക് ഏറ്റവും പ്രധാനം.. NB..തൽക്കാലം ഭൂമി കമലിനൊപ്പം തൃശൂർക്ക് പോവുകയാണ്.. 'കടലി'ന്റെ കൂടെ നിൽക്കാൻ.. ബാക്കിയൊക്കെ വഴിയേ ആലോചിക്കും..പരീക്ഷ എഴുതാൻ ഒരു സ്കൂളിൽ re-admission എടുക്കും.ഏത് സ്കൂളെന്ന് തീരുമാനിച്ചിട്ടില്ല