ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.പി (സമാജ്വാദി പാർട്ടി)-ബി.എസ്.പി (ബഹുജൻ സമാജ് പാർട്ടി) സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്താത്തത് ഗുരുതര തെറ്റെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി വ്യക്‌തമാക്കി. ‘ജനവിരുദ്ധമായ ഒരു സർക്കാരിനെതിരെ പൊരുതാൻ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. അത് ചെയ്യാത്തവരെ ജനം പഴിക്കും’. കോൺഗ്രസിനെ വില കുറച്ച് കാണുന്നത് ഗുണപരമായിരിക്കില്ലെന്നും, ഉത്തർപ്രദേശിൽ കോൺഗ്രസിന് വ്യക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എസ്.പി-ബി.എസ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും. 2014ൽ ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം നടത്തുക. യു.പിയിലെ 80 മണ്ഡലങ്ങളിൽ 37 വീതം സീറ്റുകളിൽ എസ്.പിയും ബി.എസ്.പിയും മത്സരിക്കാനാണ് ആലോചിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിച്ച റായ്ബറേലിയിലും അമേത്തിയിലും അഖിലേഷ്- മായാവതി സഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്നാണ് സൂചന.
രാഷ്ട്രീയ ലോക്ദളും നിഷാദ് പാർട്ടിയും ഈ സഖ്യത്തിലുണ്ടാകും. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബി.ജെ.പി സഖ്യം 73 മണ്ഡലങ്ങളിലാണ് ജയിച്ചത്. 37 വീതം സീറ്റുകളിൽ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചർച്ചയിൽ ഇരുപാർട്ടികളും സീറ്റ് സംബന്ധിച്ച ധാരണയിൽ എത്തിയിരുന്നു.