തിരുവനന്തപുരം: ശബരിമലയിൽ വീണ്ടും ചില യുവതികൾ കയറാൻ തയാറെടുക്കുന്നതായി വിവരം. മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയിൽ വൻ തിരക്കാണ്. അതിനിടയിൽ വേഷം മാറിയോ മറ്റോ മലചവിട്ടാനാണ് ശ്രമമെന്നാണ് സൂചന. ചില ആക്ടിവിസ്റ്റുകളാണ് ഇതിനായി തയാറെടുക്കുന്നതായി അറിയുന്നത്. എന്നാൽ, ഇതുവരെ ആരൊക്കെയാണെന്ന വിവരം പുറത്തുവന്നിട്ടില്ല. യുവതികൾ വന്നാൽ ഉണ്ടാകാവുന്ന പ്രതിഷേധം കണക്കിലെടുത്ത് പൊലീസും കനത്ത ജാഗ്രതയിലാണ്. ശബരിമലയിലെങ്ങും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുവതികൾ എത്തുമോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. അതേസമയം, യുവതികൾ എത്തിയാൽ തടയാൻ പ്രതിഷേധക്കാരും ശബരിമലയിൽ എത്തിയെന്ന സൂചനയുമുണ്ട്.
മകരവിളക്കിന് മുമ്പോ അതിന് ശേഷമോ യുവതികൾ എത്തുമെന്നാണ് വിവരം. ഒരുപക്ഷേ, മകരവിളക്കിന്റെ തിരക്ക് കഴിഞ്ഞശേഷം എത്താനാണ് സാധ്യതയെന്നും പറയപ്പെടുന്നു.
അതേസമയം, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്ന പ്രചാരണം ഇന്നലെ ഉണ്ടായിരുന്നു. എന്നാൽ, അവർ അത് നിഷേധിച്ചിരുന്നു. താൻ ശബരിമലയിലെത്തുമെന്ന പ്രചാരണം തെറ്റാണെന്നും ഈ സീസണിൽ മലചവിട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. മറ്റുപ്രചാരണങ്ങൾ ഗൂഢ ഉദ്ദേശത്തോടെയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, അവരുടെ സംഘത്തിലെ ചിലർ ശബരിമലയിൽ എത്തുമെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. മലചവിട്ടിയതിന് ശേഷമേ ഇക്കാര്യം അവർ പുറത്ത് പറയാൻ സാധ്യതയുള്ളൂ എന്നും കേൾക്കുന്നു. എന്നാൽ, ഇതിനും സ്ഥിരീകരണമില്ല.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മനിതി സംഘവും ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൂചന. മുമ്പ് ഇവർ പൊലീസ് സംരക്ഷണയിൽ മലകയറാൻ തുടങ്ങിയെങ്കിലും ശക്തമായ എതിർപ്പുയർന്നതോടെ മടങ്ങിപ്പോയിരുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് പേരിലുള്ള ആക്ടിവിസ്റ്രുകളുടെ കൂട്ടായ്മയും യുവതികളെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഏത് വിധേനയും ആക്ടിവിസ്റ്റുകളായ യുവതികൾ ശബരിമലയിലെത്തുമെന്ന സൂചന ലഭിച്ചതോടെ ശബരിമലയിൽ ഭക്തരുടെ ജാഗ്രതയും വർദ്ധിച്ചിട്ടുണ്ട്. പൊലീസും കർശന നിരീക്ഷണത്തിലാണ്.