crime

കൊല്ലം: വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യ അജിതകുമാരിയെ കൊലപ്പെടുത്തിയ ശേഷം താൻ ചെന്നുപെട്ടത് കാശിയിലാണെന്ന് പൊലീസ് പിടിയിലായ പ്രതി സുകുമാരന്റെ വെളിപ്പെടുത്തൽ. കൊല്ലാനുറപ്പിച്ച് തന്നെയാണ് അജിതകുമാരിയുടെ തയ്യൽക്കടയിലെത്തിയതെന്നും സുകുമാരൻ ഇരവിപുരം പൊലീസിനോട് പറഞ്ഞു.

സുകുമാരന്റെ മൊഴി ഇങ്ങനെ: വാർദ്ധക്യകാല പെൻഷന് അപേക്ഷിക്കാൻ പലതവണ ഭാര്യയോട് റേഷൻ കാർഡ് ചോദിച്ചിട്ടും നൽകിയില്ല. വീണ്ടും അന്വേഷിച്ചപ്പോൾ തന്റെ പേര് റേഷൻ കാർഡിൽ നിന്ന് ഒഴിവാക്കിയതായി അറിഞ്ഞു. ഒടുവിൽ മൂത്തമകന്റെ വിവാഹനിശ്ചയം കൂടി അറിയിക്കാത്തതോടെ ദേഷ്യം വർദ്ധിച്ചു. സംഭവദിവസം രാവിലെ ചിന്നക്കടയിൽ നിന്നാണ് കത്തി വാങ്ങിയത്. കൊല ചെയ്ത ശേഷം ലോഡ്ജിലെത്തി വസ്ത്രം മാറി കെ.എസ്.ആർ.ടി.സി ബസിൽ കായംകുളത്തേയ്ക്കും അവിടെ നിന്ന് ട്രെയിനിൽ ചെന്നൈയിലേക്കും തുടർന്ന് കാശിയിലേക്കും പോയി. തൊട്ടടുത്ത ട്രെയിനിൽ വീണ്ടും ചെന്നൈയിലേക്ക് തിരികെയെത്തി. അവിടെ നിന്നാണ് ഇന്നലെ കൊല്ലത്തേയ്‌ക്കെത്തിയത്.

സ്വദേശമായ തമിഴ്നാട്ടിലെ തക്കലയിൽ ഒളിവിൽ കഴിയാനായിരുന്നു തീരുമാനം. കൈയിലുണ്ടായിരുന്ന പണം തീർന്നതിനാൽ സുഹൃത്തിന് വായ്പ കൊടുത്ത പണം തിരികെ വാങ്ങാനാണ് കൊട്ടാരക്കരയിലെത്തിയത്. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് പൊലീസ് പിടിയിലായത്. മാടൻനടയിൽ നടത്തിയിരുന്ന ഹാർഡ്‌വെയർ കട പൂട്ടിയതോടെ പോളയത്തോട്ടിലെ ഹോട്ടലിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവ ദിവസം സുകുമാരൻ ഹോട്ടലിൽ ജോലിക്കെത്തിയിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.