reshma

ഹൈദരാബാദ്: പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് എത്ര സത്യമാണ്. അത്തരത്തിൽ കണ്ണില്ലാത്ത പ്രണയത്തിന്റെ രണ്ട് ഉദാഹരണങ്ങളാണ് രേഷ്മയും നവാസും. തെലങ്കാനയിലെ വികരാബാദ് സ്വദേശിയായ രേഷ്മയും അകന്ന ബന്ധുകൂടിയായ നവാസും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ പ്രണയം പുറത്തറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കരുതി ഇരുവരും സംഭവം വീട്ടിലറിയിച്ചിരുന്നില്ല. എന്നാൽ രേഷ്മയുടെ വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.

തന്റെ പ്രണയം ലക്ഷ്യത്തിലെത്തില്ലെന്ന് മനസിലായതോടെ രേഷ്മ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രേഷ്മയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞ നവാസും കാമുകിക്കൊപ്പം ജീവനൊടുക്കാൻ തീരുമാനിച്ചു. തുടർന്ന് നവാസും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഇരുവരുടെയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാർക്ക് വിവാഹമല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രിയിൽ വച്ച് തന്നെ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തിൽ നിന്ന് നീക്കം ചെയ്യാതെയായിരുന്നു വിവാഹ ചടങ്ങുകൾ. വീൽ ചെയറിൽ ഇരുത്തിയാണ് നവാസിനെ വിവാഹത്തിനായി രേഷ്മയുടെ അരികിലെത്തിച്ചത്.

'വീട്ടിൽ വിവാഹാലോചനകൾ നടന്നത് സത്യമാണ്. എന്നാൽ നവാസുമായുള്ള പ്രണയം രേഷ്മ വീട്ടിൽ തുറന്നു പറഞ്ഞില്ല,​ അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇവിടെ വരെ എത്തില്ലായിരുന്നു.' - രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബി പറഞ്ഞു. ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് വികരാബാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ അന്നപൂർണ വ്യക്തമാക്കി. പ്രണയ സാഫല്യത്തെ തുടർന്ന് വിവാഹം നടന്നെങ്കിലും ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇരുവരും.