modi-amit-shah

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഉറച്ച സർക്കാരാണ് ആവശ്യമെന്നും ഇതു നൽകാൻ ബി.ജെ.പി.ക്ക് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് നൽകാൻ കഴിയുന്നത് ദുർബല സർക്കാരായിരിക്കും. ജനങ്ങൾ പാറപോലെ മോദിക്കു പിന്നിൽ ഉറച്ചുനിന്നാൽ വീണ്ടും ബി.ജെ.പി. അധികാരത്തിൽവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തിൽ നടന്ന പാനിപ്പത്ത് യുദ്ധങ്ങൾ അത്തരത്തിലുള്ളതാണ്. 131 യുദ്ധങ്ങൾ ശിവജിയുടെ നേതൃത്വത്തിൽ മറാഠികൾ ജയിച്ചു. എന്നാൽ, മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വർഷത്തേക്ക് അടിമത്തത്തിൽ വീണു. അത് നിർണായകമായ യുദ്ധമായിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ബി.ജെ.പി പ്രതിജ്ഞബദ്ധരാണെന്ന് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്നലെ യോഗത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ക്ഷേത്രം നിന്നിരുന്നടുത്ത് തന്നെ പുതിയ ക്ഷേത്രവും നിർമ്മിക്കുമെന്നും, കോൺഗ്രസാണ് കേസിൽ തടസം സൃഷ്ടിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലൊരു ജനകീയ നേതാവ് ലോകത്തെവിടെയുമില്ലെന്നും അമിത് ഷാ പറഞ്ഞു.