അയ്യപ്പനെതിരെയായിരുന്നു വനിതാ മതിൽ, തിരിച്ചടി ലോക്സഭാ തെരെഞ്ഞെടുപ്പിൽ കിട്ടുമെന്ന് ബി.ജെ.പി നേതാവ്
ശബരിമലയിലെ സ്ത്രീ പ്രവേശത്തിനോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് വനിത മതിലുയരുന്നതെന്ന് ബി.ജെ.പി ആദ്യം മുതൽക്കേ പറഞ്ഞതാണെന്ന് മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ. അയ്യപ്പനെതിരെയാണ് വനിതാ മതിൽ സി.പി.എം ഉയർത്തിയത്, മതിൽ പൊളിഞ്ഞെങ്കിലും ഇപ്പോഴും അൻപത് ലക്ഷം പേർ പങ്കെടുത്തെന്നാണ് സി.പി.എം ഗീർവാണം മുഴക്കുന്നത്. അയ്യപ്പനെതിരെ നടത്തിയ ഈ നീക്കങ്ങൾക്കുള്ള മറുപടി വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കിട്ടുമെന്നും അവർ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു. വനിത മതിലിന് പങ്കെടുപ്പിക്കാനായി അംഗൻവാടി കുടുംബശ്രീ പ്രവർത്തകരെ ബലമായി അണിനിരത്തിയവർക്ക് ആ അമ്മമാരുടെ ശാപം ഉണ്ടാകുമെന്നും, കേരളം ഇത് മറക്കില്ലെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അന്ന് ഞങ്ങൾ പറഞ്ഞതും ഇന്ന് സിപിഎം പറയുന്നതും ഒരേ കാര്യമാണ്, അയ്യപ്പനെതിരെയായിരുന്നു വനിതാ മതിൽ. പൊളിഞ്ഞ മതിലിനെ പറ്റി ഇപ്പോഴും 50 ലക്ഷമെന്ന ഗീർവാണം ഇവർ വീണ്ടും എഴുതുന്നു. അത് പോട്ടെ, അയ്യപ്പനെതിരെ നിങ്ങൾ നടത്തിയ ഈ നീക്കത്തിനുള്ള തിരിച്ചടി ലോക്സഭാ തെരെഞ്ഞെടുപ്പ് മുതൽ നിങ്ങള്ക്ക് കിട്ടി തുടങ്ങും പിണറായീ. അതിനിനി അധികം താമസമില്ല. നിങ്ങൾ ബലമായി അണിനിരത്തിയ അംഗൻവാടി കുടുംബശ്രീ അമ്മമാരുടെ ശാപവും നിങ്ങളുടെ തലക്കു മുകളിലുണ്ട്. മറക്കണ്ട കാരണം കേരളം മറക്കില്ല.