മലയാള സിനിമയിലെ എന്നത്തേയും വലിയ സൂപ്പർസ്റ്റാറായ പ്രേംനസീർ വിടപറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ മാസം 16 ന് അദ്ദേഹത്തിന്റെ മുപ്പതാം ചരമവാർഷികമാണ്. പ്രേംനസീർ ഒരു അഭിനേതാവ് മാത്രമായിരുന്നില്ല. വലിയൊരു മനുഷ്യനായിരുന്നു. മാന്യതയുടെ മാത്രമായിരുന്നില്ല, മനുഷ്യസ്നേഹത്തിന്റേയും പ്രതീകമായിരുന്നു. എഴുനൂറിലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച്,ചരിത്രം സൃഷ്ടിച്ച ഈ മഹാനടന് അർഹിക്കുന്ന ഒരു സ്മാരകം കേരളനാട്ടിൽ ഇനിയും ഉയർന്നിട്ടില്ലെന്നത് കൃതഘ്നതയെന്നല്ലാതെ എന്തു പറയാനാകും? കലയും സംസ്കാരവും ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് എത്രമാത്രം പ്രധാനമാണെന്ന് അറിയാത്തവരല്ല കാലാകാലങ്ങളായി നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാരികൾ. പക്ഷേ പ്രേംനസീറിന്റെ കാര്യത്തിൽ ക്രൂരമായ അവഗണനയുണ്ടായി എന്നതിന്റെ തെളിവ് പിന്നിട്ട ഈ 30 വർഷം തന്നെയല്ലേ? രാഷ്ട്രം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച പ്രേംനസീറിന് കേരളം എന്ത് നൽകി? പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ആ നടനോട് കേരളം കാട്ടിയ നിന്ദ കാലം പൊറുക്കുന്നതല്ല.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായിരുന്നു പ്രേംനസീർ. തലസ്ഥാനത്ത് വഴുതക്കാട് മന്ത്രി മന്ദിരമായ റോസ്ഹൗസിന് സമീപത്തു നിന്ന് പനവിള ജംഗ്ഷനിലേക്ക് പോകുന്ന റോഡിന് കലാഭവൻ മണി റോഡ് എന്നാണ് പേരിട്ടിരിക്കുന്നത്. (പ്രിയങ്കരനായ നടൻ മണിയെയെന്നല്ല ഏതൊരു കലാകാരനെയും എവിടെയാണേലും ആദരിക്കുന്നത് നല്ല കാര്യം തന്നെ) പക്ഷേ തലസ്ഥാനത്ത് ഒരു റോഡിന് പോലും പ്രേംനസീർ എന്ന കലാകാരന്റെ പേരിട്ടിട്ടില്ല. നഗരഹൃദയത്തിൽ നടൻ സത്യന് സ്മാരകം ഒരുക്കിയതിനെ ഈ അവസരത്തിൽ നന്ദിപൂർവം സ്മരിക്കുകയാണ്.നസീറിനോട് മാത്രം എന്തിന് ഈ അവഗണന?
37 വർഷക്കാലമാണ് നസീർ സിനിമയിൽ നിറഞ്ഞു നിന്നത്. 61-ാമത്തെ വയസിൽ അദ്ദേഹം മരിച്ചു. വളരെ നേരത്തേ പോയി. ഇന്നത്തെ പലരേയും പോലെ ചെറുപ്പവേഷങ്ങളിൽ കടിച്ചു തൂങ്ങാതെ അവസാന കാലയളവിൽ മുതിർന്ന കഥാപാത്രങ്ങളിലേക്ക് മാറിയ നടനായിരുന്നു നസീർ. അദ്ദേഹം ഒരു കോൺഗ്രസ് അനുഭാവിയായിരുന്നു. നടനിൽ നിന്ന് സംവിധായകനായി മാറാൻ തയ്യാറെടുത്ത നസീർ ഇന്ദിരാഗാന്ധി നേരിട്ട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് കോൺഗ്രസിൽ ചേരുകയും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കു വേണ്ടി കേരളത്തിലുടനീളം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്തു. ആ പ്രചാരണവേളയിലാണ് സമയത്തിന് ഭക്ഷണം കഴിക്കാതെ അദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ച അൾസർ പിടിപെടുന്നത്. അൾസർ ബാധിതനായി പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നസീർ സന്ദർശകർ ആരിൽ നിന്നോ ലഭിച്ച അണുബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നിട്ടും നസീറിന്റെ മരണശേഷം വന്ന കോൺഗ്രസ് സർക്കാരുകൾ കേരളം കണ്ട ആ ചലച്ചിത്ര പ്രതിഭയ്ക് ഒരു സ്മാരകം പണിതില്ല. ഏറ്റവും വലിയ പാപം എന്താണെന്ന ചോദ്യത്തിന് കൃതഘ്നത അഥവാ നന്ദിയില്ലായ്മയാണെന്ന് മഹാഭാരതത്തിൽ ഉത്തരം നൽകുന്നുണ്ട്. കോൺഗ്രസ് പ്രേംനസീറിനോട് കാട്ടിയത് അതായിരുന്നു. (കേന്ദ്രം നൽകിയ അംഗീകാരങ്ങളുടെ പങ്ക് അവകാശപ്പെടാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് നാണമില്ലേ ? ജന്മനാട്ടിലല്ലേ സ്മാരകം പണിയേണ്ടത്.) എന്നാൽ ഇടത് സർക്കാരുകൾ ആ കലാകാരനെ ഒരു കോൺഗ്രസുകാരനായിട്ടാണോ കണ്ടത് ? അറിയില്ല. അങ്ങനെ കാണേണ്ട ഒരു കലാകാരനാണോ പ്രേംനസീർ.
പ്രേംനസീർ എന്ന നടനും വ്യക്തിയും സൃഷ്ടിച്ച മാതൃക അറിയാത്ത തലമുറയല്ല ഇന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഇരിക്കുന്നത്. തന്റെ ഒരു കൈ ചെയ്യുന്ന സഹായം മറ്റേ കൈ അറിയരുതെന്ന് നിർബന്ധമുള്ളയാളായിരുന്നു പ്രേംനസീർ. അദ്ദേഹം സഹായിച്ചിട്ടുള്ളവരുടെ കഥകളും സിനിമയിൽ അദ്ദേഹം സൃഷ്ടിച്ച റെക്കാഡുകളും അറിയാത്തവരുമല്ല ഇടത് നേതാക്കൾ. എന്നിട്ടും എന്തേ ഈ അവഗണന?
കഴിഞ്ഞ ദിവസം നസീറിന്റെ മകൻ ഷാനവാസിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി വേദനാജനകമായിരുന്നു. കേരള സർക്കാരിനോട് പലതവണ ഈ ആവശ്യം ഉന്നയിച്ചു. മാറിമാറി വന്ന ഭരണമുന്നണികളെ സമീപിച്ചു." എല്ലാവരും പരിഗണിക്കാമെന്നു പറയും. പക്ഷേ ഒന്നും നടക്കില്ല. എന്തോ വല്ലാത്ത അവഗണനയാണ്. കാരണം അറിയില്ല. ഇനി മുസ്ലിം ആയതുകൊണ്ടാണോ? അങ്ങനെയാവരുതേയെന്നാണ് പ്രാർത്ഥന. കാരണം ഒരിക്കലും ജാതിചിന്ത വച്ചുപുലർത്തിയ വ്യക്തിയായിരുന്നില്ല അദ്ദേഹം. ശാർക്കര ക്ഷേത്രത്തിൽ ആനയെ നടയിരുത്തുക വരെ ചെയ്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഞാൻ താമസം മാറിയപ്പോൾ ബാപ്പയ്ക്ക് ലഭിച്ച ബഹുമതികളൊക്കെ പായ്ക്ക് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു. പത്മഭൂഷണും സ്റ്റാമ്പും ഇവിടെ ചുമരിൽ വച്ചിട്ടുണ്ട്. ബാക്കിയെല്ലാം എന്നെങ്കിലും ഒരു സ്മാരകം ഉയരുമ്പോൾ അവിടെ പ്രദർശിപ്പിക്കാമെന്ന് കരുതിയാണ് സൂക്ഷിച്ചിരിക്കുന്നത്. പക്ഷേ അതിനി നടക്കുമെന്ന് തോന്നുന്നില്ല."-ദു:ഖത്തോടെ ഷാനവാസ് പറഞ്ഞു. എങ്കിലും കേരളം ഇപ്പോൾ ഭരിക്കുന്ന മുഖ്യമന്ത്രിയിൽ ഷാനവാസ് പ്രതീക്ഷവച്ചു പുലർത്തുന്നുണ്ട്. പ്രളയ ദുരിതാശ്വാസമായി തന്റെ സംഭാവന മുഖ്യമന്ത്രിക്കു കൈമാറിയപ്പോൾ ഇക്കാര്യം ഷാനവാസ് സൂചിപ്പിച്ചിരുന്നു. അനുഭാവപൂർണമായാണ് മുഖ്യമന്ത്രി അത് കേട്ടത്.
പ്രേംനസീർ കലാ-സാംസ്കാരിക കേരളത്തിന്റെ പ്രതീകമായിരുന്നു. ഇത്രയും വലിയ കലാകാരനെ അനുസ്മരിക്കാതെ അതിലൂടെ എന്ത് സന്ദേശമാണ് ചരിത്രകുതുകികളായ പുതിയ തലമുറയ്ക്ക് നമ്മൾ നൽകുന്നത്? അദ്ദേഹം അർഹിക്കുന്ന സ്മാരകം നവോത്ഥാന കേരളത്തിൽ ഉയരുകതന്നെ വേണം. രാഷ്ട്രീയ നേതൃത്വം കക്ഷിഭേദമെന്യേ ഈ കാര്യത്തിനായി മുന്നോട്ടു വരണം. ചലച്ചിത്ര അക്കാഡമിയും ചലച്ചിത്ര വികസന കോർപറേഷനും സർക്കാരിന്റെ സഹായത്തോടെ അതിന് മുൻകൈയെടുക്കണം. അടുത്ത ചരമവാർഷികത്തിന് മുമ്പ് അതിനൊരു തീരുമാനവും പുരോഗതിയും ഉണ്ടാവണം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അതിന് മുൻകൈയെടുക്കുകതന്നെ ചെയ്യുമെന്ന് കലാകേരളവും പ്രതീക്ഷിക്കുന്നുണ്ട്.