പുതു വർഷത്തിൽ സ്ഥിരം കഴിച്ചുമടുത്ത വിഭവങ്ങളോട് ബൈ പറയാം. ഇനി പുതിയ പരീക്ഷണങ്ങളായാലോ? വീട്ടിൽതന്നെ പരീക്ഷിക്കാവുന്ന വിഭവങ്ങൾ ഏറെയാണ്. രുചിക്കൂട്ടുകൾ അടുക്കളയിൽതന്നെ തയ്യാറാക്കാം. ഈ പുതുവർഷത്തിൽ കുറച്ച് പുതുരുചികളിതാ
സപ്പോട്ട ക്രീം പുഡ്ഡിംഗ്
ചേരുവകൾ
സപ്പോട്ടയുടെ മാംസളഭാഗം
- 4 കപ്പ് ( പഴുത്തത് )
ജലറ്റിൻ - 2 ടീ സ്പൂൺ
തേൻ - 2 ടേ സ്പൂൺ
പൊടിച്ച പഞ്ചസാര - 3 ടേ സ്പൂൺ
മിക്സഡ് ഫ്രൂട്ട് ജാം - 2 ടേ സ്പൂൺ
വെള്ളം - 3 ടേ സ്പൂൺ
വാനില എസൻസ് - 3 ടേ സ്പൂൺ
ബേസിക് ബ്ലെൻഡ് - 3 കപ്പ്
തയ്യാറാക്കേണ്ട വിധം
ഒരു ബൗളിൽ ജലറ്റിൻ ഇട്ട് 3 ടേ സ്പൂൺ വെള്ളം ഒഴിക്കുക. ഇത് അല്പം കൂടി വലിപ്പമുള്ള ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിൽ ഇറക്കിവയ്ക്കുക. ജലാറ്റിൻ പൂർണമായും കുതിർന്നാൽ പുറത്തെടുത്ത് വയ്ക്കുക. സപ്പോട്ടയുടെ തൊലികളഞ്ഞ് മാംസള ഭാഗം നന്നായടിച്ച് ഒരു ബൗളിലിട്ട് വയ്ക്കുക. ഇതിലേക്ക് തേനും ബേസിക് ബ്ലെൻഡും ചേർക്കാം. പഞ്ചസാരയും വാനില എസൻസും ചേർക്കുക. ഇത് ജലറ്റിനിൽ ചേർക്കുക. ഇത് വിളമ്പാനുള്ള വലിയ ഒരു ബൗളിലേക്ക് പകരുക. ഇതിൽ മിക്സഡ് ഫ്രൂട്ടി ജാം ചേർത്തലങ്കരിച്ച് 6 -8 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ഇനി സപ്പോട്ട കഷണങ്ങൾ വച്ചലങ്കരിച്ച് വീണ്ടും തണുപ്പിച്ച് വിളമ്പുക.
ബേസിക് ബ്ലെൻഡ്
തൈര് - ഒന്നര കപ്പ്
പനീർ - ഒന്നര കപ്പ്
ഒരു ബൗളിൽ തൈരും പനീറും എടുത്ത് മയമാകും വരെ അടിച്ച് വയ്ക്കുക. ഇതൊരു ജാറിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് പുഡിംഗ്, ഡിസോർട്ടുകൾ എന്നിവയ്ക്കായി ഉപയോഗിയ്ക്കാം.
പ്ലം സ്പ്രെഡ്ഡ്
ചേരുവകൾ
പ്ലം ( ചുവപ്പ്) ചെറുതായരിഞ്ഞത് - 1 കപ്പ്
വെള്ളം - അര കപ്പ് + 2 ടേ സ്പൂൺ
പഞ്ചസാര - 3 ടേ സ്പൂൺ
ജലറ്റിൻ - 1 ടീ സ്പൂൺ
നാരങ്ങ നീര് - 1 ടൂ സ്പൂൺ
തയ്യാറാക്കേണ്ട വിധം
ചുവട് കട്ടിയുള്ള ഒരു സോസ്പാനിൽ പ്ലം, നാരങ്ങ നീര്, അര കപ്പ് വെള്ളം എന്നിവയെടുത്ത് തിളപ്പിക്കുക. ചെറുതീയിൽ 8 -10 മിനിട്ട് വയ്ക്കുക. ഇടയ്ക്ക് ഒന്നിളക്കുക. ഇനി വാങ്ങുക. കുതിർത്ത ജലറ്റിനും പഞ്ചസാരയും ചേർത്തിളക്കുക. ആറിയതിന് ശേഷം ഒരു ജാറിലേക്ക് പകർന്ന് നന്നായടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. 15 ദിവസം വരെ ഇത് ഉപയോഗിക്കാം.