ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർക്കാനായി പുതിയ സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും. സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും എസ്.പി-ബി.എസ്.പി സഖ്യം രൂപീകരിച്ചതിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതൊരു പുതിയ രാഷ്ട്രീയ വിപ്ലവത്തിന്റെ തുടക്കമാണെന്ന് മായാവതി പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് സഖ്യം ഒന്നിച്ച് നിൽക്കും. സഖ്യത്തിന്റെ പ്രഖ്യാപനം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേർത്തു.
'കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. കോൺഗ്രസ് ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിൽ ബി.ജെ.പി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.' - മായാവതി പറഞ്ഞു. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തിരഞ്ഞെടുപ്പിൽ ഒരു ലാഭവുമില്ലെന്ന് മായാവതി വ്യക്തമാക്കി.
ബി.ജെ.പി സമൂഹത്തെ വെട്ടിമുറിക്കുകയാണ്. ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് ഏത് വിധേനയും തടയും. യു.പിയിൽ 80 സീറ്റുകളിൽ 38സീറ്റുകൾ വീതം എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. അമേഠി, റായ്ബേലി സീറ്റുകളിൽ കോൺഗ്രസിനെതിരായി മത്സരിക്കില്ളെന്നും ഇത് സഖ്യ കക്ഷികൾക്ക് നൽകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനമാണ് നടന്നതെന്നാണ് വിലയിരുത്തൽ. ഇരു പാർട്ടികളുടെയും പ്രകടനം വിലയിരുത്തിയാൽ എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് ബി.ജെ.പിക്ക് തലവേദനയാകും എന്നുറപ്പാണ്.