murder

വെഞ്ഞാറമൂട്: മൂന്നുവർഷം മുമ്പ് നാടിനെ നടുക്കിയ ആറ്റിങ്ങൽ സൂര്യാവധക്കേസിന്റെ വിചാരണ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഈ മാസം 18ന് തുടങ്ങും. പിരപ്പൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനിൽ സൂര്യ എസ്.നായരെ (25) ആറ്റിങ്ങൽ നഗരമദ്ധ്യത്തിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ പി.എസ്. ഷിജു (26) ആണ് പ്രതി. ദൃക്സാക്ഷികളാരുമില്ലാതിരുന്ന സംഭവത്തിൽ വിസ്താരത്തിനായി കേസിലെ ആദ്യ നാല് സാക്ഷികൾക്ക് സമൻസ് അയയ്ക്കാൻ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കൊലപാതകം നേരിൽ കണ്ടവരാരും ഇല്ലെങ്കിലും കൃത്യത്തിന് തൊട്ടുമുമ്പ് ഇരുവരും ഒന്നിച്ചുപോകുന്നതും രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി ഷിജു ഓടി രക്ഷപ്പെടുന്നതുമുൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും മൊഴികളും നൽകിയവരെയാണ് അന്വേഷണസംഘം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊലയ്ക്ക് പിന്നാലെ ആത്മഹത്യാശ്രമം

2016 ജനുവരി 27 ന് രാവിലെ 10ന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ചെറിയ റോഡിലായിരുന്നു സംഭവം. ഷിജു കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു.

കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ഷിജു സൂര്യയുടെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയിരുന്നു. എന്നാൽ യുവതിയ്ക്ക് രക്ഷകർത്താക്കൾ വേറെ വിവാഹ ആലോചനകൾ നടത്തുന്നുവെന്ന് അറിഞ്ഞത് ഷിജുവിനെ അസ്വസ്ഥനാക്കി. ആശുപത്രിയിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന നഴ്സിന്റെ മകൾക്ക് വിവാഹ സമ്മാനം വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ സൂര്യയെ ഷിജു ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

ബസിൽ സൂര്യക്കൊപ്പം ആറ്റിങ്ങലിലെത്തിയ ഷിജു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് തുരുതുരാ വെട്ടുകയായിരുന്നു. തലയ്ക്കും മുഖത്തും കഴുത്തിലും വെട്ടുകളേറ്റ സൂര്യ രക്തം വാർന്നൊഴുകി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടി വന്നവരാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ട വിവരം പൊലീസിനെ അറിയിച്ചത്.

കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഷിജുവിനെ അന്ന് വൈകുന്നേരം കൊല്ലത്തെ ഒരു ലോഡ്ജിൽ പാരസെറ്റമോൾ ഗുളികകൾ അമിതമായി കഴിച്ചും കൈത്തണ്ടയിലെ ഞരമ്പുകൾ അറുത്തും ആത്മഹത്യാശ്രമം നടത്തിയ നിലയിലാണ് കണ്ടെത്തിയത്.

836 പേജുള്ള കുറ്റപത്രം

66 റെക്കാഡുകളും വെട്ടാനുപയോഗിച്ച കത്തിയുൾപ്പെടെ 63 തൊണ്ടി മുതലുകളും 52 സാക്ഷി മൊഴികളും സഹിതം 836 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതി മുമ്പാകെ സമർപ്പിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയായിരുന്ന ചന്ദ്രശേഖരൻപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.