ചെറുതോണി: വാ... ഇടുക്കി ജലാശയത്തിലേക്ക് പോരെ. ബോട്ട് സവാരി നടത്താം. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ചാണ് ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ എത്തുന്നവർക്കായി ബോട്ട് സവാരി സജ്ജമാക്കിയത്. ക്രിസ്മസ് അവധിക്ക് ശേഷവും സന്ദർശകരുടെ തിരക്കാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1700 പേർ ബോട്ട് സവാരിക്കെത്തി.
ഒരു ബോട്ട് മാത്രമുള്ളതിനാൽ എല്ലാ സന്ദർശകരെയും കൊണ്ടുപോകാൻ കഴിയുന്നില്ല. ജലാശയത്തിൽ 75ശതമാനത്തോളം വെള്ളമുള്ളതിനാൽ സന്ദർശകർക്ക് ബോട്ടിംഗ് ആനന്ദകരമാണ്. അരമണിക്കൂർ യാത്രയിൽ ഇടുക്കി ചെറുതോണി അണക്കെട്ടുകളും കുറവൻകുറത്തി മലകളും വൈശാലി ഗുഹയും അയ്യപ്പൻകോവിൽ ഭാഗത്തേയ്ക്കുള്ള മലകളും സന്ദർശകർക്ക് കാണാൻ കഴിയും. ചില സമയങ്ങളിൽ ആന, കേഴ, മാൻ തുടങ്ങിയ കാട്ടുമൃഗങ്ങളെയും കാണാം. ബോട്ടിൽ ഗൈഡിന്റെ സേവനവുമുണ്ട്. ബോട്ടിംഗിന് ഒരാൾക്ക് 140 രൂപയാണ് ഫീസ്.
ബോട്ടിൽ 18 പേർ
18 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് സർവീസ് നടത്തുന്നത്. ബോട്ടിംഗിനൊപ്പം ചാരനള്ള്, വനം വകുപ്പിന്റെ ഔഷധ സസ്യതോട്ടം എന്നിവ കാണുന്നതിന് ട്രക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളാപ്പാറയിൽ നിന്നാണ് ബോട്ടിംഗ് ആരംഭിക്കുന്നത്. ഇവിടെ ഹണിമൂൺ കോട്ടേജുകളും വനംവകുപ്പ് നിർമ്മിച്ചിട്ടുണ്ട്.