ജുന്യൂ: മഞ്ഞിൽ തീയിട്ടാൽ എന്ത് സംഭവിക്കും? മഞ്ഞിൽ തീയിടുകയോ...സംശയിക്കണ്ട..വടക്കൻ അലാസ്കയിലെ മഞ്ഞിൽ തീകത്തുകതന്നെ ചെയ്യും. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന തണുത്തുറഞ്ഞ മഞ്ഞിൽ വടികൊണ്ടോ മറ്റോ കുത്തി ഒരു ദ്വാരമിടണം. ഒരുതീപ്പൊരി അതിനടുത്തായി കാണിക്കുമ്പോൾ തീ ആളിപ്പടരുന്നത് കാണാം.
അലാസ്കയിലെ എസിയ തടാകത്തിൽ കെട്ടിക്കിടക്കുന്ന മീഥൈൻ വാതകമാണ് ഈ തീപിടുത്തത്തിന് പിന്നിൽ. ചീഞ്ഞളിഞ്ഞ വസ്തുക്കൾ, മൃഗങ്ങളുടെ വിസർജ്യം തുടങ്ങിയവയൊക്കെ മീഥൈൻ ഉത്പാദിപ്പിക്കാറുണ്ട്. ഏകദേശം 6000 പശുക്കൾ ഉത്പാദിപ്പിക്കുന്നതിലും അധികം മീഥൈൻ എസിയ തടാകത്തിൽ ഉണ്ടാകുന്നുവെന്നാണ് പഠനങ്ങളിൽ പറയുന്നത്.
തടാകത്തിന്റെ പലഭാഗത്തും രൂപപ്പെട്ടിട്ടുള്ള പെർമഫ്രോസ്റ്റുകളാണ് ഇത്തരത്തിൽ തീകത്താൻ കാരണമായി ഗവേഷകർ പറയുന്നത്. ഭൗമോപരിതലത്തിനു താഴെയായി എന്നും തണുത്തുറഞ്ഞ നിലയിൽ കാണപ്പെടുന്ന ഭാഗമാണ് പെർമഫ്രോസ്റ്റ്. അലാസ്ക, സൈബീരിയ, കാനഡ പോലുള്ള ആർട്ടിക് പ്രദേശങ്ങളിലാണ് ഇതു പ്രധാനമായും കാണാനാകുക. മണ്ണ്, ചരൽ, മണൽ എന്നിവയെല്ലാം മഞ്ഞിനാൽ കൂട്ടിച്ചേർക്കപ്പെട്ട നിലയിലായിരിക്കും ഇവിടം.
ഇങ്ങനെ ഏകദേശം രണ്ടു വർഷമെങ്കിലും ജലത്തിന്റെ ഖരാങ്കത്തിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണാണ് പെർമഫ്രോസ്റ്റ്. ഇലകൾ വീണും മറ്റും ചീഞ്ഞളിഞ്ഞ് മീഥൈനും കാർബണും ഇതിൽ ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ലോകത്തിലെ എല്ലാ പെർമഫ്രോസ്റ്റുകളിലുമായി ഏകദേശം 1500 ബില്യൻ ടൺ കാർബൺ 'അടക്കി വയ്ക്കപ്പെട്ട" നിലയിലുണ്ടെന്നാണു കരുതുന്നത്.
അതായത് ഇന്നു നമ്മുടെ അന്തരീക്ഷത്തിൽ കാണുന്നതിന്റെ രണ്ടിരട്ടിയിലേറെ! ആഗോളതാപനത്തിലും ഒരു നിർണായക പങ്ക് ഇവ വഹിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വീഡിയോ കാണാം..