അഹമ്മദാബാദ് : വരണ്ടുണങ്ങി ഇല്ലാതായിക്കൊണ്ടിരുന്ന ഒരു ഗ്രാമം ചെറുഡാമുകളിലൂടെയും നീരുറവകളിലൂടെയും തിരിച്ചുവരാൻ ഒരുങ്ങുന്ന കാഴ്ചയാണ് മദ്ധ്യപ്രദേശിലെ ജഭുവ ജില്ലയിലേത്. വരൾച്ചയും ദാരിദ്യവുംകൊണ്ട് പൊറുതിമുട്ടിയ നാടായിരുന്നു കുറച്ചുനാൾമുമ്പ് വരെയും ഇവിടം. എന്നാൽ നദിയൊഴുകുന്ന വഴികളിലെല്ലാം ചെറുഡാമുകൾ നിർമ്മിച്ചാണ് ഗ്രാമവാസികൾ ഇതിനെ മറികടക്കാൻ തയാറെടുക്കുന്നത്.
ഗംഗ, യമുന, നർമ്മദ തുടങ്ങിയ നദികളെല്ലാം സമീപത്തുണ്ട്. പക്ഷേ, മഴയിലൂടെ ലഭിക്കുന്ന വെള്ളം ഒരുതുള്ളിപോലും വരണ്ട ഭൂമിയിലേക്ക് ഇറങ്ങാറില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരുന്നു ഇതിന് കാരണം. ഫലമോ കൃഷികൾ നശിക്കുകയും കർഷകർ ആത്മഹത്യ ചെയ്യുന്നതും സ്ഥിരമായി. ഇതിൽനിന്നൊരു മോചനമെന്ന നിലയിലാണ് എൻ.എം സദ്ഗുരു ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ചെക്കുഡാമുകൾ എന്ന ആശയവുമായി രംഗത്തെത്തിയത്. ഒരു ചെക്ക് ഡാമിന്റെ നിർമ്മാണത്തിന് ശരാശരി 4 കോടി രൂപയാണ് ചെലവായത്.
ചെക്ക് ഡാമുകളുടെ വലുപ്പമനുസരിച്ച് ഈ തുക കൂടിയും കുറഞ്ഞും ഇരിക്കും.ജലസേചനത്തിന്റെ കാര്യത്തിൽ ചെലവേറിയ വൻഡാമുകളേക്കാളും തടയണയേക്കാളും ഇരട്ടി പ്രയോജനംചെയ്യുന്നവയാണ് ഈ ചെക്ക്ഡാമുകൾ എന്നാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകിയവർ പറയുന്നത്.