''ഹാ...""
വിജയ തല കുടഞ്ഞു. അപ്പോൾ മാത്രം സ്വബോധം വീണ്ടുകിട്ടിയതുപോലെ കണ്ണുകൾ തുറന്ന് മുന്നിൽ നിൽക്കുന്നവരെ പകച്ചു നോക്കി.
''അവടെ അണ്ണാക്കിൽ നിന്ന് തുണി വലിച്ചു മാറ്റെടാ."
ഗ്രിഗറി കൽപ്പിച്ചു.
ഒരു കൂട്ടാളി വിജയയുടെ വായിൽ നിന്ന് തുണി വലിച്ചുനീക്കി.
''വെള്ളം..." അടുത്ത സെക്കന്റിൽ വിജയ മന്ത്രിച്ചു.
''ഇത് നല്ല കാര്യം!" ഗ്രിഗറി പൊട്ടിച്ചിരിച്ചു. ''നടുക്കടലിൽ നിൽക്കുന്നവന് കുടിക്കാൻ വെള്ളമില്ല എന്നു പറയുന്നതുപോലെ... നിന്റെ തലവഴി ഒഴിച്ചേക്കുകയല്ലേ വെള്ളം. ഒലിച്ചുവരുന്നത് നക്കിക്കുടിക്കെടീ പോലീസുകാരീ"
ഈ ബന്ധനത്തിൽ അല്ലായിരുന്നെങ്കിൽ ഇവന്റെ കവിളടക്കം ഒന്നു പൊട്ടിക്കാമായിരുന്നു എന്നു തോന്നി വിജയയ്ക്ക്.
അവളുടെ മുടിയിൽ നിന്ന് ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ നാസികത്തുമ്പിലൂടെ ചുണ്ടിലേക്കിറ്റു.
''ആർത്തിയോടെ വിജയ നാവുനീട്ടി ആ വെള്ളം നുണഞ്ഞു.
അതുകണ്ട് ഗ്രിഗറിക്കും സംഘത്തിനും ഹരമേറി:
''കൊള്ളാം. അനുസരണയുള്ള പട്ടിക്കുട്ടിയാണ് ഇപ്പോൾ നീ... പക്ഷേ ഇതുകൊണ്ടൊന്നും കാര്യമില്ലെടീ. പത്തനംതിട്ടയിൽ നിന്ന് ഞങ്ങടെ പിടീന്ന് രക്ഷപെട്ടതുപോലെ ഇവിടെ നടക്കത്തില്ല. അന്ന് ഞങ്ങളെ തല്ലിയതിനും തല്ലിച്ചതച്ചതിനുമടക്കം കണക്കുതീർത്തിരിക്കും ഞങ്ങൾ..."
ഗ്രിഗറിയുടെ കടപ്പല്ലുകൾ ഞെരിഞ്ഞു.
ഏതാനും തുള്ളി വെള്ളം നാവിൽ ചെന്നതോടെ വിജയയുടെ പാരവശ്യം ഏറി.
ഒരുകുടം വെള്ളം ഒറ്റവലിക്കു കുടിക്കാനുള്ള ഭ്രാന്ത്!
ഗ്രിഗറി പറഞ്ഞു:
''നിനക്ക് ആവശ്യത്തിന് വെള്ളവും വളവും തന്ന് നിന്നെ ഞങ്ങൾ പുഷ്ടിപ്പെടുത്തും. എന്നിട്ട് ഈ രാത്രി തന്നെ നീ പൂക്കുകയും കായ്ക്കുകയും ചെയ്യുമെടീ."
അയാളുടെ ചുണ്ടിൽ ഒരു വഷളൻ ചിരി പരന്നു.
''അല്ലെങ്കിൽ അവർ രണ്ടുപേരെയും ഞങ്ങൾക്കു നീ ചൂണ്ടിക്കാണിച്ചുതരണം. നോബിൾ തോമസിനെയും പിന്നെ ആ പന്ന റാസ്കലില്ലേ... മുസാഫിർ സുബ്രഹ്മണ്യ ഈശോ. അവനെയും..."
വിജയ വല്ല വിധേനയും നാവനക്കി:
''ഇത് രണ്ടും നടക്കുന്ന കാര്യമല്ല. കാരണം അവർ എവിടെയാണെന്ന് എനിക്കറിയില്ല."
ഗ്രിഗറിയുടെ മുഖം കല്ലിച്ചു:
''അവരുടെ കൂടെയല്ലേ നീയും പോന്നത്?"
''അത് നേരാ... പക്ഷേ അയാൾ.. കൽക്കി... അവനെയും കൊണ്ടു കടന്നു കളഞ്ഞു."
ഗ്രിഗറിയും കൂട്ടാളികളും പരസ്പരം നോക്കി.
ഒരാൾ അറിയിച്ചു.
''അതൊക്കെ ഇവടെ നമ്പരാ ഗ്രിഗറിച്ചേട്ടാ... ഒരഞ്ചു മിനിട്ട് ഇവളെ ഒറ്റയ്ക്ക് എനിക്ക് വിട്ടുതാ. ഞാൻ പറയിക്കാം സത്യങ്ങൾ."
ഗ്രിഗറി അയാൾക്കു നേരെ തല ചരിച്ചു.
''നിന്റെ ഉള്ളിലിരിപ്പ് എനിക്കു മനസ്സിലായി. ആദ്യം ഞാൻ ഇവളെക്കൊണ്ട് എല്ലാം പറയിച്ചോളാം. പിന്നെ പട്ടിക്ക് ഇറച്ചി കൊടുക്കുന്നതുപോലെ നിങ്ങടെ മുന്നിലേക്ക് ഇട്ടുതരാം."
ഗ്രിഗറി ഒരു കസേര വലിച്ച് അവൾക്കു മുന്നിലേക്കു നീക്കിയിട്ടിട്ട് അതിലിരുന്നു.
''നിന്നെ എന്തും ചെയ്യുന്നതിന് ഞങ്ങൾക്ക് യാതൊരു മനസ്താപവുമില്ല. അത് മറക്കരുത്. നിനക്ക് നിന്റെ പ്രാണനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ അറിയാവുന്നത് മുഴുവൻ പറയെടീ..."
എസ്.ഐ വിജയ മിണ്ടിയില്ല.
ആ സമയം റാന്നി പഴയ ബസ്സ്റ്റാന്റിന് അരുകിലെത്തിയിരുന്നു പോലീസിന്റെ ബൊലേറോ..
അത് പാലത്തിലേക്കു കയറിയതും സൈബർ സെല്ലിൽ നിന്ന് വിളി വന്നു:
''നിങ്ങളുടെ ഇടതു ഭാഗത്ത് ഏതാണ്ട് അഞ്ഞൂറു മീറ്ററിനുള്ളിലാണ് നേരത്തെ പറഞ്ഞ ഫോൺ ഇപ്പോൾ ഉള്ളത്."
എസ്.ഐ ബിന്ദുലാൽ ബൊലേറോ ബ്രേക്കിട്ടു നിർത്തി. പാലത്തിനു നടുവിൽ.
എല്ലാവരും തിടുക്കപ്പെട്ട് ഇറങ്ങി.
ആർജവും ഉദേഷ്കുമാറും ബഞ്ചമിനും വിഷ്ണുദാസും പാലത്തിന്റെ കൈവരിയിൽ പിടിച്ചു താഴേക്കു നോക്കി.
മങ്ങിയ നാട്ടുവെളിച്ചത്തിൽ ആറ്റിൽ ഓളങ്ങൾ ഇളകുന്നതു കണ്ടു...
അപ്പുറം നിബിഡ വനം പോലെ ഇരുൾ തിങ്ങിയിരിക്കുന്നു.
(തുടരും)