health

പകൽ ചൂടും രാത്രി തണുപ്പും കൂടുന്ന ദിവസങ്ങളിൽ എളുപ്പത്തിൽ ബാധിക്കുന്ന രോഗമാണ് സൈനസൈറ്റിസ് ചെറിയൊരു മൂക്കൊലിപ്പായോ ,മറ്റു ലക്ഷണങ്ങൾ ഇല്ലാതെയോ ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒന്നാണിത്. ഏതു സൈനസിലാണ് വീക്കം, ഇടയ്ക്കിടെ സൈനസൈറ്റിസ് വരുന്നവരാണോ,തുമ്മൽ, ശ്വാസം മുട്ട് തുടങ്ങിയ മറ്റ് അലർജിരോഗങ്ങൾ ഉള്ളവരാണോ,മരുന്ന് കഴിക്കുന്നുണ്ടോ എന്നിങ്ങനെ പലതിനെയും ആശ്രയിച്ചാണ് സൈനസൈറ്റിസിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നത്.രാത്രിയിലെ കുളിരും പനിയും, രുചിയില്ലായ്മ, വിശപ്പില്ലായ്മ, തലവേദന, മൂക്കടപ്പ് ,മൂക്കിനു വേദന, മുഖം കുനിക്കാൻ ബുദ്ധിമുട്ടുള്ള വിധത്തിൽ ഭാരം തോന്നുക, ചുമ, മഞ്ഞ നിറത്തിലുള്ള കഫം ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വരിക,വായ വരൾച്ച,മോണയ്ക്കും മുഖത്തും വേദന ,കണ്ണിനു താഴെയും മൂക്കിന്റെ വശങ്ങളിലും ചെറിയ വീക്കം ,കൂർക്കംവലി, വായ തുറന്ന് ഉറങ്ങേണ്ടി വരിക എന്നിവയാണ് ലക്ഷണങ്ങൾ.

പാലും തൈരും ഉപയോഗിക്കുക, പുളിയുള്ളവ ഉപയോഗിക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുക തുടങ്ങിയവ സൈനസൈറ്റിസ് വർദ്ധിക്കും.തണുപ്പും വെയിലും കൊള്ളുന്നതും, തണുത്തതും നല്ല ചൂടുള്ളതും കഴിക്കുന്നതും, എസിയും ഫാനും ഉപയോഗിക്കുന്നതും രോഗത്തിന് ആക്കംകൂട്ടും.


മൂന്ന് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സൈനസൈറ്റിസിനു മാത്രമേ ആന്റിബയോട്ടിക് ചികിത്സ ആവശ്യമുള്ളു. അനുബന്ധമായി ഉണ്ടാകുന്ന ചുമ, കഫം തുടങ്ങിയവയ്ക്കും ഇതോടൊപ്പം ആയുർവേദ മരുന്നു കഴിക്കണം. സ്വയംചികിത്സ ഒഴിവാക്കണം.

ശരിയായ ചികിത്സ ചെയ്യാത്തവരിൽ മൂക്കിനുള്ളിൽ ദശ വളർച്ച, നാസാർശസ് ,മൂക്കിന്റെ പാലം വളയുക തുടങ്ങി മെനിഞ്ചൈറ്റിസ് പോലും ഉണ്ടാകാം. വർഷങ്ങളോളം സൈനസൈറ്റിസ് മാറാതെ നിൽക്കുന്നവരിൽ സൈനസുകളുടെ സമീപമുള്ള അസ്ഥികൾ ദ്രവിച്ചു പോകുവാനും സാധ്യതയുണ്ട്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും ഫലപ്രദവുമായ ചികിത്സകൾ സൈനസൈറ്റിസിന് ആയുർവേദം വിധിക്കുന്നു.


ഡോ.ഷർമദ് ഖാൻ