വാഷിംഗ്ടൺ: ലോകത്തെ സൂപ്പർ പണക്കാരനായ ആമസോൺ മേധാവി ജെഫ് ബെസോസും ഭാര്യയും അടിച്ചുപിരിഞ്ഞതിന്റെ വ്യക്തമായ കാരണം തേടി അലയുകയാണ് പാപ്പരാസികളും പാശ്ചാത്യ മാദ്ധ്യമങ്ങളും. എഴുത്തുകാരിയും ടെലിവിഷൻ അവതാകയുമായ മക്കെൻസിയുമായുള്ള 25 കൊല്ലത്തെ ദാമ്പത്യമാണ് ജെഫ് ഒറ്റയടിക്ക് വേണ്ടെന്നുവച്ചത്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പരസ്യമാക്കിയത്.
കൂട്ടുകാരനും ഹോളിവുഡ് താരവുമായ പാട്രിക് വൈറ്റ്സെല്ലിന്റെ മുൻ ഭാര്യ ലോറൻ സാഞ്ചലസുമായുള്ള വഴിവിട്ട ബന്ധമാണ് അടിച്ചുപിരിയലിന് ഇടയാക്കിയതെന്നാണ് ഇപ്പോൾ കേൾക്കുന്നത്. 49 കാരിയായ സാഞ്ചലസുമായി ജെഫ് അടുപ്പം തുടങ്ങിയിട്ട് എട്ടുമാസമായത്രേ. ചില്ലറ പുള്ളിയല്ല സാഞ്ചലസ്. ടെലിവിഷൻ ന്യൂസ് ആങ്കർ, ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരക, ഹെലികോപ്റ്റർ പൈലറ്റ് എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് കക്ഷി. ഇവരുടെ മുൻ ഭർത്താവ് പാട്രിക് വൈറ്റ്സെൽ ജെഫിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.
ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ജെഫും സാഞ്ചലസും തമ്മിൽ കാണാറുണ്ടായിരുന്നു എന്നാണ് അടുപ്പക്കാർ പറയുന്നത്. ജെഫിന്റെ സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ഒരു പരസ്യ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജെഫ്, സാഞ്ചലസിന് അയച്ച ഇക്കിളി സന്ദേശവും പുറത്തുവന്നിരുന്നു '' ഞാൻ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്നെ എപ്പോഴും മണക്കണം, എനിക്ക് നിന്നെ ശ്വസിക്കണം, എനിക്ക് നിന്നെ മുറുകെ പുണരണം, എനിക്ക് നിന്റെ ചുണ്ടുകളിൽ ചുംബിക്കണം...ഇതായിരുന്നു സന്ദേശം. പ്രണയം അറിഞ്ഞതോടെ ജെഫുമായി അകന്ന മക്കെൻസി മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു.
അമേരിക്ക ഇതുവരെ കണ്ടതിൽ ഏറ്റവും ചെലവേറിയ വിവാഹമോചനമായിരിക്കും ജെഫിന്റേത് എന്നാണ് റിപ്പോർട്ടുകൾ.ഏകദേശം 9.58 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള സ്വത്തിന്റെ ഉടമയാണ് അമ്പത്തിനാലുകാരനായ ജെഫ്. മൈക്രോസോഫ്ടിനെ മറികടന്ന് കഴിഞ്ഞദിസവമാണ് ആമസോൺ ലോകത്തെ ഒന്നാം നമ്പർ കമ്പനിയായത്. 6900 കോടി രൂപയെങ്കിലും ജെഫ് നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.