model-anganavadi

തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് മാതൃകാ അംഗൻവാടികൾ സ്ഥാപിക്കുന്നു. 'ഫീഡിംഗ് സെന്റർ' എന്ന പ്രതിച്ഛായ മാറ്റി, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾക്കൊപ്പം ബുദ്ധിവികാസത്തിന് ഊന്നൽ നൽകുന്ന അംഗൻവാടികളാണ് ലക്ഷ്യം. തിരഞ്ഞെടുത്ത ഐ.സി.ഡി.എസ് ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

കെട്ടിടങ്ങളുടെ രൂപഘടന മുതൽ വിദ്യാഭ്യാസ നിലവാരം വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിക്കാെണ്ടാണ് മോഡൽ അംഗൻവാടിക്ക് രൂപം നൽകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അംഗൻവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ (സി.ഡി.സി) ഡയറക്ടർ ഡോ. ബാബുജോർജ് സമർപ്പിച്ച റിപ്പോർട്ട് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതി സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി 14 മോഡൽ അംഗൻവാടികൾ സ്ഥാപിക്കും. അംഗൻവാടിയിലെ പ്രീ സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം ഉണ്ടാകും. പുതുതായി നിർമിക്കുന്ന അംഗൻവാ‌ടികൾക്ക് അതത് പഞ്ചായത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്ഥലം ഒരുക്കും.10 സെന്റ് സ്ഥലമാണ് ശുപാർശ ചെയ്യുന്നതെങ്കിലും 3, 5, 7.5 സെന്റ് പ്ളോട്ടുകളിലും രൂപകല്‍പന ചെയ്യും. സി.എ.ടിയുടേതാണ് രൂപകല്‍പന. അംഗൻവാടി പ്രവർത്തകർക്കുള്ള പരിശീലനം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ മുഖേന നല്‍കും. 'അങ്കണപ്പൂമഴ' എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം വിദഗ്ദ്ധരുടെ സഹായത്തോടെ തയ്യാറാക്കും.