ലാസ് വെഗാസ്: പീഡനക്കേസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ കുരുക്ക് മുറുകുന്നു. കേസിന്റെ പുനഃരന്വേഷണത്തിന്റെ ഭാഗമായി താരത്തോട് ഡി.എൻ.എ സാമ്പിളുകൾ ഉടൻ നൽകാൻ ലാസ് വെഗാസ് പൊലീസ് ആവശ്യപ്പെട്ടു. 2009ൽ ലാസ് വെഗാസിലെ ഒരു ഹോട്ടൽ മുറിയിൽവച്ച് റൊണാൾഡോ പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ സെപ്തംബറിലാണ് അമേരിക്കക്കാരിയായ യുവതി രംഗത്തെത്തിയത്.
നിശാക്ളബിൽ ജോലിചെയ്യുകയായിരുന്നു അപ്പോൾ യുവതി. ഇക്കാര്യം പുറത്തറിയാതിരിക്കാൻ വൻതുക നൽകിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ നേരിട്ട് പരാതിനൽകുകയായിരുന്നു. നിശാക്ലബ്ബിൽ റൊണാൾഡോയും യുവതിയും ഒന്നിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.പൊലീസിന്റെ ഇപ്പോഴത്തെ നടപടി സ്വഭാവികം മാത്രമാണെന്നാണ് താരത്തിന്റെ അഭിഭാഷകർ പറയുന്നത്.
കഴിഞ്ഞദിവസം,ബ്രിട്ടീഷ് മോഡലും നടിയും ബിഗ് ബ്രദർ മത്സരാർത്ഥിയുമായ ജാസ്മിൻ ലെന്നാർഡ് ക്രിസ്റ്റ്യാനോയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഡേറ്റ് ചെയ്തിട്ടുണ്ടെന്നു പറയുന്ന ജാസ്മിൻ, താരം ഒരു മാനസിക രോഗി യാണെന്നും പറയുന്നുണ്ട്.താരത്തിനെതിരേ പീഡനക്കേസ് നൽകിയ യുവതിക്ക് സഹായം വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്നും ജാസ്മിൻ പറഞ്ഞു.