എരുമേലി: നീണ്ട അൻപത്തിയഞ്ച് വർഷങ്ങൾ. ഇത്തവണയും ആ പതിവ് തെറ്റിയില്ല. 84 കാരനായ ഗുരുസ്വാമി രാമചന്ദ്രദാസ് വീണ്ടും ശബരിമലദർശനത്തിന് എത്തിയപ്പോൾ മനസ് നിറഞ്ഞത് എരുമേലിയിലെ മുസ്ലിം തറവാടായ പനച്ചിപ്പറമ്പ് വീട്ടിലെ കുടുംബാംഗങ്ങളുലൂടെയാണ്. ശബരിമല ദർശത്തിനെത്തുന്ന രാമചന്ദ്രദാസിനും സംഘത്തിനും അരനൂറ്റാണ്ടിലേറെയായി വിരിവയ്ക്കാൻ സൗകര്യം ഒരുക്കുന്നത് പനച്ചിപറമ്പ് കുടുംബമാണ്.
ചെന്നെയിലെ കൊളത്തൂർ സ്വദേശിയാണ് രാമചന്ദ്രദാസ്. കാതങ്ങൾ അകലെയാണെങ്കിലും പനച്ചിപറമ്പുമായുള്ള അരനൂറ്റാണ്ടത്തെ സൗഹൃദത്തിന് ഒട്ടും കോട്ടം വന്നിട്ടില്ലെന്ന് രാമചന്ദ്രദാസ് പറയുന്നു. 'കാൽനടയായിട്ടായിരുന്നു എന്റെ ആദ്യ ശബരിമല യാത്ര. എരുമേലിയിൽ എത്തിയപ്പോൾ പനച്ചിപറമ്പ് കുടുംബത്തിലെ മുതിർന്ന അംഗമായ മമ്മദാണ് വിരിവയ്ക്കാൻ ഇടംനൽകിയത്. മമ്മദിന്റെ മരണശേഷവും ഈ പതിവ് തെറ്റിയിട്ടില്ല'- രാമചന്ദ്രദാസ് പറഞ്ഞു.
രാമചന്ദ്രദാസിനൊപ്പം വലിയയൊരു സംഘം തന്നെ എല്ലാ വർഷവും ശബരിമല ദർശനത്തിന് എത്താറുണ്ട്. സൗഹൃദം അരനൂറ്റാണ്ട് പിന്നിടുമ്പോൾ പനച്ചിപ്പറമ്പ് കുടുംബത്തിലെ ഇളമുറക്കാരും ഈ അയ്യപ്പ സംഘത്തെ സ്വീകരിക്കുന്നത് പൂർണ മനസോടെയാണ്. പനച്ചിപ്പറമ്പ് തറവാടിനോട് നന്ദി പറഞ്ഞ് നിറഞ്ഞ മനസുമായാണ് സംഘാംഗങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. ഇത്തവണയും ആ പതിവ് തെറ്റില്ല. വിരിവച്ച് മനസു നിറയെ അയ്യപ്പ ചിന്തകളുമായി യാത്ര തുടരുമ്പോൾ രാമചന്ദ്രദാസിന്റെയും സംഘത്തിന്റെയും പ്രാർത്ഥനയിൽ മമ്മദിന്റെ കുടുംബവും എപ്പോഴുമുണ്ടാകും.