മലയാളിയുടെ ആഹാരരീതിയിൽ ചോറിന് വലിയ സ്ഥാനമാണുള്ളത്. ചോറ് വയർ നിറയെ കഴിക്കാനുള്ളതാണെന്ന ധാരണയാണ് പലർക്കുമുള്ളത്. അടുത്തിടെ മലയാളിയുടെ ആഹാര രീതിയെ കുറിച്ച് അതിൽ കുന്ന് പോലെ ചോറ് കഴിക്കുന്നതിനെ കുറിച്ചും അതിന്റെ പരിണിത ഫലത്തെക്കുറിച്ചും ഒരു ഡോക്ടർ ഫേസ്ബുക്കിലെഴുതിയ വാക്കുകൾ നമ്മൾ ശ്രദ്ധിയ്‌ക്കേണ്ടതാണ്. ചോറിന്റെ രൂപത്തിൽ വലിയൊരളവിൽ കാർബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിലെത്തുകയും അത് കൊഴുപ്പായി മാറുകയും ചെയ്യും, ശരിയായ രീതിയിൽ അദ്ധ്വാനമോ,വ്യായാമമോ ഇല്ലാത്ത പക്ഷം അതിൽ നല്ലൊരു ഭാഗം കരളിലടിയുന്നു ഇത് ഫാറ്റി ലിവർ എന്ന അവസ്ഥയിൽ നമ്മളെ എത്തിക്കും. ജീവിത ശൈലീ രോഗങ്ങളായ ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ എന്നിവയ്ക്കും കാരണമായേക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വേറൊരു പോസ്റ്റിൽ ഒരാൾ കഴിക്കുന്ന ചോറിന്റെ അളവിനെ കുറിച്ച് സംസാരം ഉണ്ടായത് കണ്ടപ്പോൾ തോന്നിയത്:
ഞാൻ ഒരിക്കൽ എറണാകുളത്ത് സിലോൺ ബേക്ക് ഹൗസിൽ ഊണ് കഴിക്കാൻ പോകുന്നു. വെയ്റ്റർ ആദ്യം കൊണ്ട് തട്ടിയ ചോറ് തന്നെ എനിക്ക് രണ്ടു മൂന്ന് ദിവസം തിന്നാനുള്ളതുണ്ട്. അപ്പോഴാണ് കാണുന്നത് അടുത്ത ടേബിളിൽ ഇരുന്ന് കഴിക്കുന്ന ആൾ, ആദ്യം തട്ടിയത് തീർത്തിട്ട് രണ്ടാമത് വീണ്ടും ചോർ ഇടീക്കുന്നു.
പിന്നീട് പലപ്പോഴും നോട്ട് ചെയ്തിട്ടുണ്ട്, നാട്ടിൽ ബന്ധുക്കളും സഹോദരങ്ങളും കസിൻസും കൂട്ടുകാരും ഒക്കെ എന്തോരം ചോറാണ് തിന്നുന്നതെന്ന്. അതും പലരും ദിവസവും രണ്ടു നേരം. നമ്മളും പണ്ട് ഇങ്ങനെ തന്നെയാവും തിന്നിരിക്കുക.
എന്തിനാണ് നമ്മൾ ഇത്രയും കാർബോഹൈഡ്രേറ്റ് കുത്തിച്ചെലുത്തുന്നത്? അത് മുഴുവൻ ഗ്ലൂക്കോസായി മാറുന്നത് കത്തിച്ചു കളയാൻ വേണ്ടിയുള്ള ശാരീരികാധ്വാനം നമ്മൾ ചെയ്യുന്നുണ്ടോ? ഇല്ലാത്ത പക്ഷം ഈ ഗ്ലൂക്കോസ് മുഴുവനും കൊഴുപ്പായി കൺവെർട്ട് ചെയ്‌ത് ശരീരം സൂക്ഷിക്കും. അതിൽ കുറെ ഭാഗം കരളിലാവും സൂക്ഷിക്കുക. ഫാറ്റി ലിവർ അവസ്ഥയും (non alcohlic fatty liver disease - NAFLD) ചിലപ്പോൾ അതിന്റെ മാരകമായ അവസ്ഥയായ non alcoholic steato hepatitis - NASH ലേക്കും ഒക്കെ ഇത് നയിച്ചേക്കാം. ജീവിത ശൈലീ രോഗങ്ങളായ ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ എന്നിവയും ഒക്കെ ഉണ്ടാകാം. കഴിക്കുന്ന ഭക്ഷണത്തിൽ 60% കാർബോഹൈഡ്രേറ്റുകളും 30% കൊഴുപ്പും (ഇത് അപൂരിത കൊഴുപ്പുകൾ - unsaturated fats ആയാൽ നല്ലത്) 10% പ്രോട്ടീനും വേണമെന്നാണ് അമേരിക്കൻ ഡയറ്ററി ഗൈഡ്‌ലൈൻസ് പറയുന്നത്. ലോ കാർബ് ഡയറ്റ് വേണമെന്നുള്ളവർക്ക് കാർബ്‌സ് 40%, ഫാറ്റ് 30%, പ്രോട്ടീൻ 30% എന്നുമാകാം. അപ്പൊ എങ്ങനാ? ചോറിന്റെ അളവ് കുറയ്ക്കുകയല്ലേ? ചോറ് മാത്രമല്ല കിഴങ്ങുകൾ, മദ്യം, സോഫ്റ്റ് ഡ്രിങ്ക്സ്, ടെട്രാപാക്കിലും കുപ്പിയിലും വരുന്ന ഫ്രൂട്ട് ജ്യൂസുകൾ എന്നിവയും ഒക്കെ കാർബോഹൈഡ്രേറ്റിന്റെ സോഴ്സുകൾ ആണെന്ന് ഓർക്കണം.