ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർക്കാനായി പുതിയ സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവിനെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഷ്ട്രീയ സംഖ്യം ആദർശത്തിന്റെ പേരിലാകണമെന്ന് മോദി പറഞ്ഞു. തന്റെ മേലുള്ള വിരോധത്തിന്റെ പേരിലാണ് അവർ സഖ്യമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ രാംലില മൈതാനിയിൽ ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഴിമതിയുടെ കറ പുരളാത്ത ഒരു സർക്കാർ അധികാരത്തിലേറുന്നത്. നമുക്ക് അതിൽ അഭിമാനിക്കാം. മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന സർക്കാർ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോയി. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ രാജ്യം അഴിമതിയിലൂടെയാണ് കടന്നുപോയതെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് തെറ്റുപറയാനാകില്ലെന്നും മോദി പറഞ്ഞു.
സാമ്പത്തിക സംവരണത്തെപ്പറ്റി ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാൽ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെയാണ് സാമ്പത്തിക സംവരണം സാദ്ധ്യമാക്കിയത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ ഉന്നമനം ആണ് സർക്കാരിന്റെ ലക്ഷ്യം. സംവരണം രാജ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാല് വർഷത്തെ സർക്കാരിന്റെ സുപ്രധാന പദ്ധതികളായ ബേഠീ ബച്ചാവോ ബേട്ടി പഠാവോ എന്ന ആശയത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ പരിഹസിക്കുകയാണ്. ജനപക്ഷമായ പദ്ധതികളെ കോൺഗ്രസ് എതിർക്കുകയാണ്. ഇത് രാജ്യത്തിന്റെ വികസനത്തിന് തടസമാവും. വികസനം മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ വിശ്വാസവുമാണ് ബി.ജെ.പി സർക്കാരിന്റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാൻ ആവുമെന്ന് ബി.ജെ.പിക്ക് തെളിയിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.