സിഡ്നി: സിഡ്നി ഏകദിനത്തിൽ ഇന്ത്യക്ക് 34 റൺസിന്റെ തോൽവി. ആസ്ട്രേലിയയുടെ 288 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 9 വിക്കറ്റിന് 254 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 129 പന്തിൽ 133 റൺസെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്കടുത്തു. ദിനേഷ് കാർത്തിക്ക് (12), ജഡേജ (8) എന്നിവർ പെട്ടെന്ന് പുറത്തായി. ഇന്ത്യക്ക് 50 ഓവറിൽ 254 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.
അതേസമയം, ഇന്ത്യക്കായി 10,000 റൺസ് മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി തികച്ചു. ധോണിയുടെ 333ാം ഏകദിനമാണ് സിഡ്നിയിലേത്. ഇന്ത്യക്കായി ഏകദിനങ്ങളിൽ 10,000 റൺസ് തികയ്‌ക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് ധോണി. സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കൊഹ്‌ലി, എന്നിവരാണ് ധോണിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ഉസ്‌മാൻ ഖവാജയ്‌ക്കും, ഷോൺ മാർഷിനും പന്നാലെ പീറ്റർ ഹാൻഡ്സ്കോംബും അർദ്ധസെഞ്ച്വറി നേടി. 65 പന്തിൽ നാലു ബൗണ്ടറി സഹിതമാണ് മാർഷ് കരിയറിലെ 13ാം ഏകദിന അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 50 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഹാൻഡ്സ്കോംബ് കരിയറിലെ രണ്ടാം അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്.