"മിതവാദ"ത്തിന്റെ കുപ്പായമണിഞ്ഞ് യാഥാസ്ഥിതികർക്കുവേണ്ടിയാണ് ശശി തരൂർ വാദിക്കുന്നത് എന്നു തുറന്നു പറയേണ്ടി വരുന്നതിൽ അദ്ദേഹം ക്ഷമിക്കണം. ഇതു പറയാൻ അദ്ദേഹത്തോടുള്ള സൗഹൃദം തടസമാകില്ലെന്നു തന്നെയാണ് ഞാൻ കരുതുന്നത്. ഈ വിഷയത്തിൽ എന്റെ ഒരു ട്വീറ്റിനെ എടുത്തു പരാമർശിച്ചതുകൊണ്ടാണ് ഈ മറുപടി. അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ, ശബരിമല വിവാദം വിശ്വാസികളും അവിശ്വാസികളും തമ്മിലല്ല; വിശ്വാസികൾ തമ്മിലാണ്.
ശബരിമലയിൽ യുവതികളെ വിലക്കിയ 1991ലെ ഹൈക്കോടതി വിധിയെ എതിർത്തവരിൽ പ്രധാനിയാണ് ഗുരു നിത്യചൈതന്യയതി. ലീലാവതി ടീച്ചറെപ്പോലെ എത്രയോ പ്രമുഖർ ശബരിമലയിലെ യുവതിപ്രവേശനത്തെ അനുകൂലിക്കുന്നുണ്ട്. ഇവരുടെയൊക്കെ വിശ്വാസത്തിന് ആരുടെ സാക്ഷ്യപത്രമാണ് ആവശ്യം. ഇവരിൽ ആർക്കൊപ്പമാണ് ശശി തരൂർ? ആ ചോദ്യം അദ്ദേഹം അവഗണിക്കുന്നു. തരൂർ എഴുതിയ എന്തുകൊണ്ട് ഞാൻ ഹിന്ദുവാണ് എന്ന പുസ്തകത്തിന്റെ ഉപസംഹാര അദ്ധ്യായത്തിൽ ഹൈന്ദവതയുടെ അനേകം വ്യാഖ്യാനങ്ങളെ അദ്ദേഹം തന്നെ എണ്ണിയെണ്ണി തള്ളിക്കളയുന്നുണ്ട്. പക്ഷേ, ദൗർഭാഗ്യവശാൽ, താൻ തന്നെ തള്ളിക്കളഞ്ഞ നിലപാടുകളെയാണ് ഈ വിവാദത്തിൽ അദ്ദേഹം മുറുകെപ്പിടിക്കുന്നത്.
ശബരിമലയിലെ യുവതീപ്രവേശനവിലക്കിനെ ഒരുകാലത്ത് ക്ഷേത്രങ്ങളിൽ താഴ്ന്ന ജാതിക്കാർക്കുണ്ടായിരുന്ന വിലക്കുമായി ഞങ്ങൾ ചേർത്തുവായിക്കുകയാണ് എന്ന വിമർശനം തള്ളിക്കളയട്ടെ. യുവതീപ്രവേശനവിലക്കിന് പഴയ അയിത്തം, തൊട്ടുകൂടായ്മ, ക്ഷേത്രവിലക്ക് തുടങ്ങിയ അനാചാരങ്ങളോടു തന്നെയാണ് പൊക്കിൾക്കൊടി ബന്ധം എന്നു ചൂണ്ടിക്കാട്ടിയത് സുപ്രീംകോടതിയാണ്. ആർത്തവാവസ്ഥയെ അടിസ്ഥാനമാക്കി സാമൂഹികമായ ബഹിഷ്കരണം ഏർപ്പെടുത്തുന്നത് ഒരുതരം തൊട്ടുകൂടായ്മയാണ് എന്ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചിരുന്നു. വ്യക്തികൾക്ക് ഭ്രഷ്ടുകൽപ്പിക്കുന്ന ശുദ്ധിയുടെയും അശുദ്ധിയുടെയും അടിസ്ഥാനത്തിലുള്ള ആശയങ്ങൾക്ക് ഭരണഘടനാക്രമത്തിൽ ഒരു സ്ഥാനവുമില്ലെന്നും സുപ്രീംകോടതിയാണ് അസന്നിഗ്ധമായി വ്യക്തമാക്കിയത്.വിശദമായ സത്യവാങ്മൂലങ്ങളും വാദങ്ങളും പരിശോധിച്ച ശേഷം ഇന്ത്യയിലെ പ്രഗത്ഭന്യായാധിപർ കണ്ടെത്തിയ നിരീക്ഷണങ്ങളെ, നിർഭാഗ്യവശാൽ ശശി തരൂർ ഞങ്ങളെപ്പോലുള്ളവരുടെ ചുമലിലേക്ക് നീക്കിവെക്കുകയാണ് ചെയ്യുന്നത്. സുപ്രീംകോടതിയുടെ ആ നിരീക്ഷണം വസ്തുനിഷ്ഠമാണെന്ന് ചരിത്രബോധമുള്ളവർ സമ്മതിക്കും. അത്രയേ ഞങ്ങളും ചെയ്യുന്നുള്ളൂ. സ്ത്രീകളുടെ ആർത്തവവിലക്കിന് കാരണം തന്ത്രസമുച്ചയത്തിലെ നിർദ്ദേശങ്ങളാണ് എന്നായിരുന്നു കോടതിയിൽ തന്ത്രിയുടെ വാദം. ഇക്കാര്യം വിധിന്യായത്തിൽ ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്. ആ ഗ്രന്ഥങ്ങൾ തന്നെയല്ലേ, താഴ്ന്നതെന്ന് മുദ്ര ചാർത്തപ്പെട്ട ജാതിയിലുള്ളവർക്ക് ക്ഷേത്രപ്രവേശനം വിലക്കിയതും. സ്ത്രീപ്രവേശനവിലക്കിന് തെളിവായി തന്ത്രസമുച്ചയം ദശമപടലത്തിലെ രണ്ടാം ശ്ലോകമാണ് സുപ്രീംകോടതിയിൽ തെളിവായി സമർപ്പിച്ചത്.
പ്രിയപ്പെട്ട തരൂർ, എത്ര യാദൃച്ഛികമെന്നു നോക്കൂ. താഴ്ന്ന ജാതിക്കാരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് വിലക്കേർപ്പെടുത്തിയതും അതേ ശ്ലോകം തന്നെയല്ലേ. അതുകൊണ്ടാണ് ശശി തരൂരിന്റെ വാദങ്ങൾ യാഥാസ്ഥിതികത്വത്തിന്റെ വക്കാലത്താകുന്നത്. സമൂഹത്തിന്റെ പുരോഗമനഗതിയെ എക്കാലത്തും ചെറുക്കാൻ ശ്രമിച്ചവരാണ് ഈ വിഭാഗം. ഇപ്പോൾ ക്ഷേത്രങ്ങളിൽ പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ട തന്ത്രിമാരും ശാന്തിമാരുമുണ്ടല്ലോ. “അവർണ’ പൂജാരിമാരെക്കുറിച്ച് ഈ വിഭാഗത്തിന്റെ അഭിപ്രായം ചോദിക്കൂ. രൂക്ഷമായി എതിർപ്പു കാണാം. സംവരണത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കൂ. അതേ നിലപാടു തന്നെയാവും. ഇത്തരത്തിൽ തികഞ്ഞ യാഥാസ്ഥിതിക നിലപാടു സ്വീകരിക്കുന്ന വിഭാഗത്തിനു നൽകിയ കലർപ്പറ്റ പിന്തുണയുടെ പേരിലാണ് ശശി തരൂരിനെ, അദ്ദേഹത്തിന്റെ ഭാഷയിലെ 'മിതവാദി"കളായ സ്നേഹിതർ രൂക്ഷമായി വിമർശിച്ചത്. ശബരിമലയിൽ പ്രവേശിക്കാൻ യുവതികൾ കാത്തിരിക്കാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് ഒരു വിധി പ്രസ്താവത്തിന്റെ ലാഞ്ചനയുണ്ട്. 'റെഡി ടു വെയിറ്റ്"കാമ്പയിൻകാരാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ യഥാർത്ഥ വിശ്വാസികൾ.
ആർത്തവപ്രായപരിധിക്ക് അകത്തുള്ള കുറച്ചു സ്ത്രീകൾ ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നത് വെറും കൗതുകത്തിന്റെ പേരിലാണെന്നും ഭക്തിയുടെ പേരിലല്ല എന്നുമൊക്കെ അദ്ദേഹം തീർത്തു പറയുന്നു. അങ്ങനെയൊക്കെ ഒരു വ്യക്തിക്ക് ഏകപക്ഷീയമായി തീർപ്പു കൽപ്പിക്കാവുന്ന വിഷയമാണോ ഇത്?"ആർത്തവാശുദ്ധി അംഗീകരിക്കാത്ത വിശ്വാസി" എന്ന അസ്തിത്വത്തെത്തന്നെ അദ്ദേഹം പാടെ നിഷേധിക്കുകയാണ്. അതിന്റെ അർത്ഥം, പ്രാചീനഗ്രന്ഥങ്ങളിലെ തള്ളിക്കളഞ്ഞതും തള്ളിക്കളയേണ്ടതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാതെ ഒരാൾക്ക് ദൈവവിശ്വാസിയാകാൻ സാധ്യമല്ല എന്നാണ്. വ്യക്തി ജീവിതത്തിൽ തന്ത്രസമുച്ചയവും ശാങ്കരസ്മൃതിയും അനുസരിക്കണമെന്ന വാദത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സാമൂഹ്യജീവിതത്തിൽ മനുസ്മൃതി പാലിക്കപ്പെടണമെന്ന ശാഠ്യവും. വിശ്വാസത്തെ ആചാരങ്ങളുടെ ചങ്ങലയാൽ ബന്ധിക്കുന്നതിലെ അപകടം അദ്ദേഹത്തിനു മനസിലാകാത്തതല്ല. എന്നാൽ, മനപ്പൂർവം ആ വശം കണ്ടില്ലെന്നു നടിക്കുന്നു. ആ അപകടം തിരിച്ചറിയുന്ന സുഹൃത്തുക്കളുടെ വിമർശനം അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടേയിരിക്കും.മാത്രമല്ല, നിരന്തരമായി പരിപാലിക്കപ്പെട്ടുവന്ന ആചാരമല്ല, ശബരിമലയിലെ യുവതീപ്രവേശനവിലക്ക്. അക്കാര്യം സുപ്രീംകോടതിയ്ക്കു ബോധ്യമായിട്ടുണ്ട്. പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള അനേകം സ്ത്രീകൾ കുട്ടികളുടെ ചോറൂണ് അടക്കമുള്ള കർമ്മങ്ങൾക്ക് ശബരിമലയിലെത്തിയിട്ടുണ്ട്. തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെ നടന്നതാണ് ഈ 'ആചാരലംഘന"ങ്ങൾ. അതായത്, വിലക്കു നിലനിന്നപ്പോൾത്തന്നെ ഒരു വിഭാഗം വിശ്വാസികൾക്ക് ശബരിമല പ്രവേശനം സാധ്യമായിരുന്നു. പക്ഷേ, ഉന്നതങ്ങളിൽ സ്വാധീനം വേണമായിരുന്നു എന്നു മാത്രം. അവരുടെ മുന്നിൽ ശ്രീകോവിലിന്റെ വാതിലുകൾ യഥേഷ്ടം തുറന്നിരുന്നു എന്ന സത്യവും എന്റെ സുഹൃത്ത് കണ്ടില്ലെന്നു നടിക്കുകയാണ്.
ഇങ്ങനെ ചോറൂണിനും മറ്റു പൂജകൾക്കുമായി ദേവസ്വം ബോർഡിന്റെയും തന്ത്രിമുഖ്യരുടെയും സമ്മതത്തോടെ ശബരിമല സന്ദർശിച്ചവർ വെറും കൗതുകത്തിന്റെ പേരിലാണോ അവിടെയെത്തിയത്? അല്ലെന്നാണ് എന്റെ നിലപാട്. വിലക്ക് തള്ളിക്കളഞ്ഞ് അയ്യപ്പസന്നിധിയിലെത്താൻ ആഗ്രഹമുള്ള അസംഖ്യം സ്ത്രീവിശ്വാസികളുടെ പ്രതിനിധികളാണവർ. വെറും കൗതുകത്തിന്റെയോ ആക്ടിവിസത്തിന്റെയോ പേരിലല്ല, തികഞ്ഞ ഭക്തിയുണ്ടായിരുന്നതുകൊണ്ടു തന്നെയാണ് അവർ സ്വാധീനം ചെലുത്തിയിട്ടായാലും മല ചവിട്ടിയത്. അതുപോലെ എല്ലാ സ്ത്രീകളായ ഭക്തർക്കും ശബരിമലയിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വിധിച്ചത്. ആ വിധിയുടെ അവകാശം വിനിയോഗിക്കാൻ ഭക്തകൾക്ക് സ്വാതന്ത്ര്യമുണ്ട്. അതിനെ തടയാനോ വിലക്കാനോ മറ്റുള്ളവർക്കെന്തധികാരം?
സുപ്രീംകോടതിയിൽ നിന്നും നേടിയ അവകാശം അനുസരിച്ച് ശബരിമലയിലെത്തിയ ഭക്തകൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ആ കടമ നിറവേറ്റുകയാണ് സർക്കാർ ചെയ്തത്. അതിനെ മറ്റു തരത്തിൽ വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയമായ കുന്നായ്മയാണ്. സമൂഹത്തിലെ യാഥാസ്ഥിതിക പക്ഷത്തിന്റെ വക്കാലത്ത് ശ്രീധരൻ പിള്ളയും ആർ.എസ്.എസും സംഘപരിവാറും ഏറ്റെടുക്കുന്നത് മനസിലാക്കാം. ആ വേഷത്തിൽ ശശി തരൂരിനെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ബുദ്ധിമുട്ടുണ്ട്. ബുദ്ധിയും വിദ്യാഭ്യാസവുമുള്ളവർ ശബരിമലയിലെ യുവതീപ്രവേശനം ആഗ്രഹിക്കുന്നുവെന്ന് തുറന്നടിച്ചത് ശശി തരൂരിന്റെ പാർട്ടിയുടെ വക്താവ് പവൻ ഖേരയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റൊരു വക്താവ് രൺദീപ് സുർജൻവാലയുമൊക്കെയുണ്ട്. അവരുടെ സംഘത്തിൽ എന്തുകൊണ്ട് ശശി തരൂരിനെപ്പോലൊരാൾ ഉൾപ്പെടുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോഴത്തെ വിശദീകരണങ്ങളിൽ ഉത്തരമില്ല.
വിധിയെ ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ദേശീയ സംസ്ഥാന നേതൃത്വങ്ങൾ. പിന്നീടാണവർ മലക്കം മറിഞ്ഞത്. വിധി നടപ്പാക്കാൻ അനുവദിക്കുകയില്ല എന്ന ആക്രോശവുമായി അവർ തെരുവിലിറങ്ങുകയായിരുന്നു. കലാപമായിരുന്നു അവരുടെ ലക്ഷ്യം. നിർഭാഗ്യവശാൽ, ആ സമരത്തിൽ കൊടിപിടിക്കാതെ അണി ചേരാൻ സ്വന്തം അനുയായികളെ വിട്ടുകൊടുക്കുകയാണ് കോൺഗ്രസ് ചെയ്തത്.
ആർ.എസ്.എസ് നാട്ടിലുണ്ടാക്കിയ അക്രമങ്ങളെയും കലാപശ്രമങ്ങളെയും തള്ളിപ്പറയാൻപോലും ശശി തരൂരിനെപ്പോലെ 'മിതവാദ"പക്ഷത്തെന്ന് സ്വയം അടയാളപ്പെടുത്താൻ ശ്രമിക്കുന്നവർ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം. ഒരു മനുസ്മൃതിയും സുപ്രീംകോടതിക്കും ഇന്ത്യൻ ഭരണഘടനയ്ക്കും മുകളിലല്ല. അക്കാര്യം സംഘപരിവാറിനെ ഓർമ്മിപ്പിക്കാനുള്ള ചുമതല, ഞങ്ങളെപ്പോലെ തന്നെ തരൂരിനും അദ്ദേഹത്തിന്റെ പാർട്ടിക്കുമുണ്ട്.
അതുകൊണ്ട്, പ്രിയപ്പെട്ട ശശി തരൂർ, താങ്കൾ യാഥാസ്ഥിതിക പക്ഷത്താണ് എന്ന് ഞങ്ങൾ സുഹൃത്തുക്കൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. സമൂഹത്തെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം താങ്കളെപ്പോലൊരാളെ കാണേണ്ടി വന്നതിലുള്ള ഖേദം മറച്ചുവെയ്ക്കാതെ.