മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ശതാബ്‌ദി മന്ദിര ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും
കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും ശതാബ്‌ദി മന്ദിര ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ അദ്ധ്യക്ഷത വഹിക്കും.
വൈസ് ചെയർമാൻ കെ.ടി. സൈഗാൾ സ്വാഗതം പറയും. ജനറൽ മാനേജർ കെ. ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിക്കും. സൗരോർജ യൂണിറ്രിന്റെ സമർപ്പണം എം. സ്വരാജ് എം.എൽ.എയും സുവനീർ പ്രകാശനം മുൻ എം.പി. പി. രാജീവും നിർവഹിക്കും. ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ., തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി, പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് മുൻ ചെയർമാൻ എം.സി. സുരേന്ദ്രൻ, ജോയിന്റ് രജിസ്‌ട്രാർ ജനറൽ - എറണാകുളം സുരേഷ് മാധവൻ, ബാങ്ക് മുൻ ജനറൽ മാനേജർ ഇ.പി. ശ്രീകുമാർ എന്നിവർ സംസാരിക്കും. അസിസ്‌റ്റന്റ് ജനറൽ മാനേജർ മേഴ്‌സി മാളിയേക്കൽ നന്ദി പറയും.
1917ൽ പീപ്പിൾസ് സഹകരണസംഘം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ബാങ്ക്, 1975ലാണ് റിസർവ് ബാങ്കിൽ നിന്ന് ലൈസൻസ് നേടി അർബൻ ബാങ്കായി മാറിയത്. വാണിജ്യ ബാങ്കുകളിൽ ലഭ്യമായ എല്ലാ സേവനങ്ങളും തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്കിൽ ലഭ്യമാണ്. 2018ൽ കേരളത്തിലെ മികച്ച അർബൻ ബാങ്കുകളിൽ ഒന്നാംസ്ഥാനത്തിനുള്ള സംസ്ഥാന സർക്കാർ ബഹുമതി ബാങ്കിന് ലഭിച്ചിരുന്നു. 85,000 അംഗങ്ങളുള്ള ബാങ്കിന് 700 കോടി രൂപയുടെ നിക്ഷേപവും 400 കോടി രൂപയുടെ വായ്‌പകളുമായി മൊത്തം 1,100 കോടി രൂപയുടെ ബിസിനസുമുണ്ട്.