കൊറിയ: ചായപ്രിയരല്ലാത്തവർ ആരുണ്ട്, പ്രത്യേകിച്ച് ഈ മഞ്ഞുകാലത്ത്. എന്നാൽ ചായയോട് മാത്രം പ്രിയമുള്ള ഒരാളുണ്ട്. ഛത്തീസ്ഗഡുകാരി പില്ലി ദേവി. കഴിഞ്ഞ 33 വർഷമായി ചായമാത്രം കുടിച്ച് ജീവിക്കുന്ന ഇവർ ഗ്രാമവാസികൾക്ക് 'ചായ് വാലി ചേച്ചി"യാണ്. കൊറിയ ജില്ലയിലെ ബരദിയ ഗ്രാമ നിവാസിയായ പില്ലി ദേവി 11-ാം വയസിലാണ് മറ്റു ഭക്ഷണങ്ങൾ ഒഴിവാക്കിയത്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പില്ലി ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ചതെന്ന് പിതാവ് രതി റാം പറയുന്നു. ജനക് പൂരിലെ പാറ്റ്ന സ്കൂളിൽ നിന്ന് ജില്ലാതല സ്പോർട്സ് ടൂർണമെന്റിന് പോയി തിരിച്ചെത്തിയ ശേഷം പില്ലി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു. പിന്നീട് ചായകുടി മാത്രമായി. തുടക്കത്തിൽ പാൽച്ചായ്ക്കൊപ്പം ബിസ്കറ്റും ബ്രഡും കഴിച്ചിരുന്നു. ക്രമേണ
പൂർണമായി കട്ടൻ ചായയിലേക്ക് മാറി. അതും സൂര്യാസ്തമനത്തിനു ശേഷം ഒരു ദിവസം ഒരിക്കൽ മാത്രമേ കുടിക്കുകയുള്ളൂ.
പില്ലി ദേവിയുടെ ഭക്ഷണരീതി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന് ഭയന്ന വീട്ടുകാർ മെഡിക്കൽ ചെക്കപ്പ് നടത്തിയെങ്കിലും ഇതുവരെ രോഗമൊന്നും ഇല്ല.