കാസർകോട്: അനന്തപുരം തടാക ക്ഷേത്രം പോലെ വിസ്‌മയം പകരുന്ന അവിടത്തെ 72 വയസുള്ള 'ബബിയ' മുതല സുഖമായിരിക്കുന്നു. ക്ഷേത്ര പൂജാരി ചന്ദ്രപ്രകാശ് നമ്പീശൻ നൽകിയ നിവേദ്യം ഇന്നലെയും 'ബബിയ' ഭക്ഷിച്ചു. 'ബബിയ' ചത്തുപോയി എന്ന് സോഷ്യൽ മീഡിയയിലും ചില പത്രങ്ങളിലും പ്രചരിക്കുന്നത് വ്യാജം. അങ്ങനെ പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ക്ഷേത്ര ഭാരവാഹികൾ.
ക്ഷേത്രത്തിലെ നിവേദ്യമാണ് മുതലയുടെ ഭക്ഷണം. നിവേദ്യം കൊടുക്കാൻ പൂജാരി വിളിച്ചാൽ വെള്ളത്തിൽ നിന്ന് പൊങ്ങിവരും. ഭക്ഷണം കഴിച്ച് തൃപ്തിയോടെ മടങ്ങും. തടാകത്തിലെ മീനുകളെയൊന്നും ദ്രോഹിക്കാറില്ല. സാധാരണ മുതലകളെപ്പോലുള്ള സ്വഭാവരീതികളും ബബിയയ്ക്കില്ല.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. കാസർകോട്ടു നിന്ന് 16 കിലോമീറ്റർ അകലെ കുമ്പളയ്ക്കു സമീപമാണ് തടാകക്ഷേത്രം. ക്ഷേത്രത്തിലേക്കു പാലമുണ്ട്.
ദൈവിക പരിവേഷമുള്ള മുതല
ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാളക്കാരൻ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ വെടിവച്ചുകൊന്നെന്നും രണ്ടാം ദിവസം മുതല വീണ്ടും പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം. ദൈവിക പരിവേഷമുള്ള മുതലയെ കാണാനും ക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകളാണ് നിത്യവും അനന്തപുരത്തെത്തുന്നത്.
"72 വർഷമായി 'ബബിയ' ക്ഷേത്രതടാകത്തിലുണ്ട്. ഈ മുതല ചത്തുപോയി എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.
-മാലിംഗേശ്വര ഭട്ട് , തടാക ക്ഷേത്രം ചെയർമാൻ
ഐതിഹ്യം
തടാകക്ഷേത്രത്തിൽ ഉപാസിച്ചിരുന്ന വില്വമംഗലം സ്വാമിയെ സഹായിക്കാൻ ഊരും പേരും അറിയാത്ത ഒരു ബാലൻ എത്തി. ഒരിക്കൽ സ്വാമി പൂജ ചെയ്യുമ്പോൾ ബാലൻ പൂജാസാധനങ്ങളെടുത്ത് കുസൃതി കാണിച്ചു. ബാലനെ സ്വാമി തള്ളിമാറ്റി. ബാലൻ ദൂരേക്കു തെറിച്ചുവീണിടത്ത് ഒരു ഗുഹ പ്രത്യക്ഷപ്പെട്ടു. ബാലന്റെ ദിവ്യത്വം മനസിലായ സ്വാമി പിറകേ പോയി. എത്തിയത് ഇന്നത്തെ തിരുവനന്തപുരത്ത്. അപ്പോൾ ബാലൻ ഭഗവാനായി പ്രത്യക്ഷപ്പെട്ടു. ഭഗവാൻ വിശ്രമിക്കാൻ ഒരുങ്ങിയപ്പോൾ ഒരു സർപ്പം പ്രത്യക്ഷപ്പെട്ട് തന്റെ മുകളിൽ കിടക്കാൻ അപേക്ഷിച്ചു. അങ്ങനെയാണ് പ്രതിഷ്ഠ അനന്തശയനം ആയത് എന്നാണ് ഐതിഹ്യം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്നതായി കരുതുന്ന ഒരു ഗുഹയുടെ മുഖം തടാക ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്.