ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതിയും രംഗത്തെത്തി. മറ്റ് പാർട്ടികളുമായി ചേർന്ന് മഹാസഖ്യമുണ്ടാക്കി നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കാനുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കത്തിന് കനത്ത തിരിച്ചടി നൽകുന്നതാണ് പുതിയ സഖ്യം. കാൽനൂറ്റാണ്ടോളമായി നീണ്ട് നിന്ന ശത്രുത മറന്ന് ഒന്നിക്കാനുള്ള തീരുമാനം ഇന്ന് വൈകുന്നേരമാണ് ഇരുനേതാക്കളും ചേർന്ന് വാർത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയത്.
കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് തങ്ങൾക്ക് ഗുണകരമാകില്ലെന്ന് ഇരുപാർട്ടികൾക്കും ബോധ്യമുണ്ടെന്ന് മായാവതി തുറന്ന് പറയുകയും ചെയ്‌തു. കോൺഗ്രസുമായി കൂട്ടുചേരുന്നത് വോട്ട് നേടാൻ സഹായിക്കില്ലെന്ന് മുൻ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. തങ്ങൾ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് വോട്ട് നൽകും. എന്നാൽ തിരിച്ച് ലഭിക്കുന്നത് കുറവായിരിക്കും. ബി.ജെ.പിക്ക് വോട്ട് മറിക്കാൻ കോൺഗ്രസുകാർ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു. എന്നാൽ സമാജ്‌വാദി - ബഹുജൻ സമാജ്‌വാദി പാർട്ടികൾ തമ്മിൽ സഖ്യമുണ്ടാക്കിയപ്പോൾ ഇരുപാർട്ടികൾക്കും നേട്ടമുണ്ടാക്കാനായി. സീറ്റുകൾ തുല്യമായി വീതിക്കാനാണ് ഇരുപാർട്ടികളുടെയും പദ്ധതി. ഇന്ത്യയിലൊരിടത്തും കോൺഗ്രസുമായി ചേർന്ന് മത്സരിക്കില്ലെന്നും മായാവതി വ്യക്തമാക്കി.
2017ൽ അഖിലേഷ് യാദവും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ചേർന്ന് സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും അമ്പേ പരാജയമായിരുന്നു. ഇരുവരടെയും ചിത്രങ്ങൾ ചേർത്തുള്ള പോസ്‌റ്ററുകൾ സംസ്ഥാനത്ത് നിറച്ചെങ്കിലും വോട്ട് നേടാൻ കഴിഞ്ഞിരുന്നില്ല. രാജ്യഭരണം നേടാൻ ഏറ്റവും സഹായകമായ ഉത്തർപ്രദേശിൽ നിന്നുള്ള 80 സീറ്റുകളിൽ 38 എണ്ണത്തിൽ വീതമാണ് ഇരുപാർട്ടികളും മത്സരിക്കുക. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ റായ്‌ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേത്തി മണ്ഡലത്തിലും സഖ്യമുന്നണിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകില്ലെന്നാണ് സൂചന. ഈ സീറ്റുകൾ മറ്റ് പാർട്ടികൾക്ക് വേണ്ടി മാറ്റി വയ്‌ക്കുന്നുവെന്നാണ് അഖിലേഷ് യാദവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഏതൊക്കെ പാർട്ടികളാണ് ഇവിടെ മത്സരിക്കുകയെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായതുമില്ല.