jamuna-mayi-

ജയ്‌പൂർ: ജമുനാ മായിയുടെ കണ്ണുകൾക്കേ തെളിച്ചക്കുറവുള്ളൂ. നൂറ്റിയൊന്നാം വയസിൽ, ഇന്ത്യൻ പൗരത്വം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജയ്‌പൂർ ജില്ലാ കളക്‌ടറിൽ നിന്ന് രേഖകൾ കൈപ്പറ്റുമ്പോഴും പാക് ഹിന്ദു വംശജയായ മായിയുടെ ഓർമ്മകൾക്കു നല്ല തെളിച്ചം.

2006-ൽ രണ്ട് ആൺമക്കളെയും കൂട്ടി പാകിസ്ഥാനിൽ നിന്ന് വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് കുടിയേറിയ അന്നു തുടങ്ങിയതാണ് ഇന്ത്യൻ പൗരത്വത്തിനായുള്ള നിയമയുദ്ധം. കാത്തിരുന്നത് പന്ത്രണ്ടു വർഷം. ജോധ്പൂർ എ.ഡി.എമ്മിനു മുന്നിൽ വെള്ളിയാഴ്ച ജമുനാ മായി ഇന്ത്യൻ പൗരത്വ രേഖ ഒപ്പുവയ്ക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ ജോധ്പൂരിലേക്കു കുടിയേറിയ ആറ് ഹിന്ദു കുടിയേറ്റ കുടുംബങ്ങളിലെ മുഴുവൻ പേരുമുണ്ടായിരുന്നു.

1992-ൽ അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ, പാകിസ്ഥാനിൽ തങ്ങളോടുള്ള സമീപനം മാറിയപ്പോഴാണ് ഇന്ത്യയിലേക്കു കുടിയേറുന്നതിനെക്കുറിച്ച് മായി ആലോചിച്ചത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കൃഷിപ്പണിയായിരുന്നു. ഒറ്റ രാത്രികൊണ്ട് തങ്ങൾ ജമീന്ദാരുടെയും അയൽപക്കക്കാരുടെയും ശത്രുക്കളായി. ഒടുവിൽ പന്ത്രണ്ടു വർഷം മുമ്പ് തീർത്ഥാടക വിസയിൽ അതിർത്തി കടന്നു.

അന്നു മുതൽ ജോധ്പൂരിലാണ്. ഇവിടെയും അത്ര സുഖകരമായിരുന്നില്ല സ്ഥിതി. പാകിസ്ഥാനിൽ നിന്നു വന്നവരെന്ന തുറിച്ചുനോട്ടമായിരുന്നു എല്ലായിടത്തും. സ്വന്തം സമുദായക്കാരായ മേഘ്‌വാളുകൾ പോലും അംഗീകരിച്ചില്ല. പണിയൊന്നുമില്ലാതെ കഷ്ടപ്പെട്ടു. കുടിയേറ്റക്കാർ ആയതുകൊണ്ട് ഇടയ്ക്കിടെ പൊലീസുകാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പരിശോധന. പൗരത്വത്തിന് അപേക്ഷ നൽകി, വയ്യായ്കകൾക്കിടയിലും ജമുനാ മായി ഓഫീസുകൾ കയറിയിറങ്ങി.

ഈയിടെ ജോധ്‌പൂരിൽ നടന്ന പൗരത്വ പരിശോധനാ ക്യാമ്പാണ് മായിക്ക് തുണയായത്. അപേക്ഷകയുടെ പേരിനൊപ്പം, ജനനവ‌ർഷം കണ്ടപ്പോൾ റവന്യൂ ഉദ്യോഗസ്ഥൻ തലയുയർത്തി നോക്കി. വർഷം 1918. അപേക്ഷകയ്ക്ക് നൂറ്റിയൊന്നു വയസ്! പിന്നെ എല്ലാം വേഗത്തിൽ. ഇനി ആശ്വാസം. മക്കളും കൊച്ചുമക്കളുമായി മായിക്ക് ഇന്ത്യൻ പൗരത്വ മുത്തശ്ശിയായി ചിരിക്കാം.