sbi-attack-case

തിരുവനന്തപുരം: മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ ദ്വിദിന പണിമുടക്കിനിടെ സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് എൻ.ജി.ഒ പ്രവർത്തകർക്ക് സസ്പെൻഷൻ. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേ​റ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയ​റ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. കഴിഞ്ഞ ദിവസം കന്റോൺമെന്റ് അസിസ്​റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ കീഴടങ്ങിയ ഇരുവരെയും ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി 24 വരെ റിമാൻഡ്‌ ചെയ്‌തിരിക്കുകയാണ്. റിമാൻഡിലായ രണ്ടുപേർക്കെതിരെയും ഇതുവരെ സസ്പെൻഷൻ നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, കേസിൽ ഇനിയും പിടികൂടാനുള്ള എൻ.ജി.ഒ യൂണിയൻ നേതാക്കളായ പ്രതികളെ അവരുടെ ഓഫീസിൽ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നേതാക്കളുടെ ഓഫീസ് മേധാവികൾക്ക് നൽകും. അതേസമയം കേസിലെ പ്രതികളായ എൻ.ജി. ഒ യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്ര് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതി വ്യാപകമാവുന്നുണ്ട്.

ബാങ്ക് ആക്രമണം നടന്ന 9 ന് രാവിലെ തന്നെ ബാങ്ക് ശാഖയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അതിൽ നിന്ന് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്രി അംഗമായ ഇ.സുരേഷ് ബാബുവിനെ ഇന്നലെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറഞ്ഞത്. ഒളിവിലുള്ളവരാകട്ടെ ഒൗദ്യോഗികമായി അവധിക്കപേക്ഷയും നൽകിയിട്ടില്ല. അതിനിടെ സമരക്കാർ തങ്ങളോട് അപമര്യാദയായ വാക്കുകളുപയോഗിച്ചു എന്ന് വനിതാ ജീവനക്കാർ‌ എസ്.ബി.ഐ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട് . ഇത് പൊലീസിന് കൈമാറിയോ എന്ന് വ്യക്തമല്ല.