കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ ഇത്തവണ വമ്പൻ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ അവസ്ഥ എല്ലാവർക്കും അറിയാമെന്നും, അതുകൊണ്ട് ബഡ്‌ജറ്റ് എങ്ങനെയിരിക്കുമെന്ന് നല്ല ധാരണയുണ്ടെന്നുമായിരുന്നു കാനത്തിന്റെ കമന്റ്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിനിധി സമ്മേളനം നളന്ദ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യവേയാണ് പരാമർശം.
പ്രളയ ദുരിതാശ്വാസമായി കേന്ദ്രത്തോട് 5,600 കോടി ആവശ്യപ്പെട്ടിട്ട് കിട്ടിയത് 600 കോടി മാത്രമാണ്. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കൃത്യമായ മറുപടി പോലുമില്ല. ഈ സാഹചര്യത്തിൽ എന്തു ചെയ്യും? കാശ്മീരിലും ഗുജറാത്തിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ വിദേശസഹായം സ്വീകരിക്കാൻ കേന്ദം അനുമതി നൽകിയിരുന്നു. ഇതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കണം- കാനം പറഞ്ഞു.
സാലറി ചലഞ്ചിൽ നൂറുശതമാനം ഗസറ്റഡ് ഓഫീസർമാരും പങ്കെടുത്തത് അഭിമാനകരമാണ്. സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. സജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ, ഇ.കെ. വിജയൻ എം.എൽ.എ, ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.എ. ശിവൻ. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ഗവാസ് എന്നിവർ പ്രസംഗിച്ചു. കെ.ബി. ബിജുക്കുട്ടി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കേരള പുനർനിർമാണം- പ്രശ്‌നങ്ങളും സാദ്ധ്യതകളും എന്ന സെമിനാർ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും.