സെക്രട്ടേറിയറ്റ് വളയൽ സമരം ഉപേക്ഷിക്കും അയ്യപ്പ രഥയാത്രയും മാറ്റിവയ്ക്കും
കോഴിക്കോട്: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംഘപരിവാർ തീരുമാനം. ശബരിമല വിഷയം ഉയർത്തിക്കാണിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നേരിടാനാണ് തീരുമാനം. കേരളത്തിൽ എൻ.ഡി.എയുടെ ബാനറിലാവും പ്രചാരണം നടക്കുക. ഉത്തരേന്ത്യയിൽ ശ്രീരാമനെ എങ്ങനെയാണോ ഉയർത്തിക്കാണിച്ചത് അതേപോലെ ദക്ഷിണേന്ത്യയിൽ അയ്യപ്പനെ അവതരിപ്പിക്കും. ശബരിമല വിഷയത്തിൽ പ്രക്ഷോഭം തുടരുമെങ്കിലും തീവ്രത കുറയ്ക്കും. സംഘർഷങ്ങളും അതുമൂലം ഉണ്ടാകുന്ന ജനക്ളേശവും പരമാവധി കുറയ്ക്കുന്നതിനും അതോടൊപ്പം പ്രവർത്തകരെ ഇലക്‌ഷൻ പ്രചാരണത്തിൽ സജ്ജീവമാക്കുന്നതിനും വേണ്ടിയാണിത്.
ഈ മാസം 18ന് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചുലക്ഷം പേരുടെ സെക്രട്ടേറിയറ്റ് വളയൽ സമരം ഉപേക്ഷിക്കാനും ആർ.എസ്.എസ് നേതൃത്വം തീരുമാനിച്ചു. 10 ജില്ലകളിൽ നടത്താനിരുന്ന അയ്യപ്പ രഥയാത്രയും മാറ്റിവയ്ക്കും. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രവർത്തകർ കേസിൽ അകപ്പെട്ടതും സെക്രട്ടേറിയറ്റ് വളയൽ വലിയ സംഘർഷത്തിലേക്ക് പോകാൻ സാദ്ധ്യതയുള്ളതും കണക്കിലെടുത്താണ് മാറ്റിവച്ചത്. പ്രവർത്തകർ കേസിൽ കുടുങ്ങുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആർ.എസ്.എസ് കണക്ക്കൂട്ടുന്നു. 15 ന് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി പീരങ്കി മൈതാനത്ത് മൂന്ന് മണ്ഡലങ്ങളിലുള്ള എൻ.ഡി.എ പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാവുക.
5 മണ്ഡലങ്ങളിൽ സാദ്ധ്യതയെന്ന് സ്വകാര്യ സർവേ
സംസ്ഥാനത്ത് തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, തൃശൂർ പാർലമെന്റ് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് ദേശീയ നേതൃത്വം നടത്തിയ സ്വകാര്യ സർവേയിൽ കണ്ടെത്തി. കൊല്ലം മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയും എൻ.എസ്.എസ്, എസ്.എൻ.ഡി.പി സംഘടനകളുടെ പിന്തുണയുമുണ്ടെങ്കിൽ അട്ടിമറിയുണ്ടായേക്കാമെന്നും സർവേ പറയുന്നു. ജയിക്കില്ലെങ്കിലും പാലക്കാട്ടും കാസർകോട്ടും മികച്ച പോരാട്ടം കാഴ്ചവയ്ക്കും. എന്നാൽ മത്സരിപ്പിക്കാൻ ജനകീയമായ മുഖങ്ങളില്ലാത്തതാണ് അമിത്ഷായെ അലട്ടുന്നത്. തിരുവനന്തപുരത്ത് കെ. സുരേന്ദ്രനെയും ടി.പി. സെൻകുമാറിനെയും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നണ്ട് . പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയുടെയും കെ.പി. ശശികലയുടെയും പേരുകൾ പരിഗണനയിലാണ്.