cm

തൃശൂർ: സർട്ടിഫിക്കറ്റില്ലാത്തവർ ചികിത്സിക്കാൻ അയോഗ്യരാണെന്ന് കണക്കാക്കുന്നവരും കൂട്ടത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ച് ആശുപത്രി, ഔഷധി പഞ്ചകർമ്മ ആൻഡ് റിസർച്ച് ആശുപത്രി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അലോപ്പതി ചികിത്സയിൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ച ഒരു കുട്ടിയുടെ ഡിസ്‌ക് തകരാർ വൈദ്യൻ ഉഴിച്ചിലിലൂടെ മാറ്റിയ ഒരു സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

ശാസ്ത്രകുതുകികൾ പോലും ആയുർവേദ ചികിത്സാ മേഖലയിൽ ഉത്തരം കാണാൻ പ്രയാസപ്പെടാറുണ്ട്. പഠിച്ചതും അറിഞ്ഞതും മാത്രമാണ് യഥാർത്ഥ ചികിത്സാ രീതിയെന്നത് വസ്തുതയാണ്. എന്നു കരുതി ഇത്തരം വൈദ്യൻമാരോട് കാണിച്ചാട്ടെ സർട്ടിഫിക്കറ്റ് എന്നു ചോദിച്ചാൽ കാണിക്കാനുണ്ടാകില്ല. അതേസമയം ഇത്തരക്കാരുടെ അടുത്തു നിന്ന് എത്രയാളുകളാണ് ചികിത്സിച്ച് ഭേദമായി പോയിട്ടുള്ളത് - മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. സ്യൂട്ട് റൂമിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാറും അഡ്മിനിസ്‌ട്രേഷൻ ബ്‌ളോക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീനും നിർവഹിച്ചു. സി.എൻ. ജയദേവൻ എം.പി, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഔഷധി ചെയർമാൻ കെ.ആർ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.