വത്തിക്കാൻ സിറ്റി: ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് മത്സരത്തിന് ഒരുങ്ങി വത്തിക്കാൻ. കന്യാസ്ത്രീകളും പുരോഹിതരും അടങ്ങുന്ന ടീമിനെയാണ് ഒളിമ്പിക്സിനായി പ്രഖ്യാപിച്ചത്. ഇവർക്കൊപ്പം സ്വിസ് ഗാർഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി കരാർ ഒപ്പിട്ടതായി വത്തിക്കാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാർഡുകളും ഉൾപ്പെടെ 60 പേരാണ് ടീമിലുള്ളത്. 19 വയസുള്ള സ്വിസ് ഗാർഡ് മുതൽ 62 വയസുള്ള പ്രൊഫസർ വരെ ടീമിലെ അംഗമാണെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കണമെന്നാണ് വത്തിക്കാന്റെ തീരുമാനം. ക്രിക്കറ്റ്, ഫുട്ബാൾ ടീമുകൾ ഇപ്പോൾ തന്നെ വത്തിക്കാനുണ്ട്. ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്നും കായിക മത്സരങ്ങൾ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും വത്തിക്കാൻ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മോൺസിഞ്ഞോർ ജോസ് സാഞ്ചെസ് അൽമേഡ പറഞ്ഞു.