ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) യാത്രാ ടിക്കറ്ര് വിതരണത്തിലൂടെ എയർ ഇന്ത്യ നേടിയ വരുമാനം 5,538 കോടി രൂപ. 20 ശതമാനമാണ് വർദ്ധന. 2017-18ലെ മൂന്നാംപാദത്തിൽ വരുമാനം 4,615 കോടി രൂപയായിരുന്നു. അതേസമയം, യാത്രികരുടെ എണ്ണത്തിലെ വർദ്ധന നാല് ശതമാനം മാത്രമാണ്. 55.27 ലക്ഷം പേരാണ് കഴിഞ്ഞ പാദത്തിൽ എയർ ഇന്ത്യയിൽ യാത്ര ചെയ്‌തത്. 2017ലെ സമാനപാദത്തിൽ ഇത് 53.28 ലക്ഷമായിരുന്നു.
എയർ ഇന്ത്യയുടെ വരുമാനത്തിൽ 65 ശതമാനവും ലഭിക്കുന്നത് അന്താരാഷ്‌ട്ര സർവീസുകളിൽ നിന്നാണ്. 48,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള കമ്പനിയാണ് എയർ ഇന്ത്യ. കഴിഞ്ഞവർഷം എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റൊവിയാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല.