sp-bsp-alliance

ലക്‌നൗ: ഉത്തർപ്രദേശിൽ ഇരുപത്തഞ്ച് വർഷം മുൻപ് ബി.ജെ.പിക്കെതിരെ സഖ്യമുണ്ടാക്കി നേടിയ വിജയചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻസമാജ് പാർട്ടിയും മഹാസഖ്യം പ്രഖ്യാപിച്ചു.

പഴയ സഖ്യം പിരിഞ്ഞ് ബദ്ധ വൈരികളായി മാറിയ രണ്ട് പാർട്ടികളും വീണ്ടും ഒന്നിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള സഖ്യ തീരുമാനം ബി.എസ്.പി നേതാവ് മായാവതിയും സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും ഇന്നലെ സംയുക്ത പത്രസമ്മേളനത്തിൽ ഔപചാരികമായി പ്രഖ്യാപിക്കുകയായിരുന്നു. (1993ൽ മായാവതിയുടെ രാഷ്‌ട്രീയ ഗുരു കാൻഷിറാമും, അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവുമാണ് സഖ്യമുണ്ടാക്കിയത്.)

യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളിൽ ഇരു പാർട്ടികളും 38 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അമേതിയിലും സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും സഖ്യം മത്സരിക്കില്ല. രണ്ട് സീറ്റുകൾ ചെറിയ പാർട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്.

തങ്ങളുടെ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞു. കോൺഗ്രസിൽ നിന്നുണ്ടായ മോശം അനുഭവമാണ് സഖ്യത്തിൽ നിന്ന് അവരെ ഒഴിവാക്കാൻ കാരണം. കോൺഗ്രസിന്റെ വോട്ടുകൾ തങ്ങൾക്ക് കിട്ടില്ല. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. പണ്ട് കോൺഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇപ്പോൾ ബി.ജെ.പി ഭരണത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.

ബി.ജെ.പി തങ്ങളെ കണക്ക് പഠിപ്പിച്ചെന്നും അതിന്റെ ഫലമാണ് സഖ്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. തന്റെ ഭരണകാലത്ത് വികസനത്തിൽ റെക്കാഡ് സൃഷ്‌ടിച്ചെങ്കിലും കണക്കുകൂട്ടലുകളിൽ തെറ്റു പറ്റി. അത് പരിഹരിച്ചപ്പോൾ ഗോരഖ്പുർ,​ ഫൂൽപുർ,​ കൈരാന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിഞ്ഞെന്നും അഖിലേഷ് പറഞ്ഞു.

മിത്രം, ശത്രു, മിത്രം

ഉത്തരാഖണ്ഡ് രൂപീകരിക്കും മുൻപുള്ള യു.പി

നിയമസഭാ സീറ്റ് 425

1993ൽ അയോദ്ധ്യ പ്രശ്നം ചൂടുപിടിച്ച ഇലക്‌ഷൻ

ബി.എസ്.പി - എസ്.പി സഖ്യം

ബി.എസ്.പിക്ക് 67 സീറ്റ്

എസ്.പിക്ക് 109 സീറ്റ്

മുലായം സിംഗ് മുഖ്യമന്ത്രി

ക്രമേണ സഖ്യം ഉലഞ്ഞു

1995ൽ ബി.എസ്.പി കാലുവാരി

ബി.എസ്.പിക്ക് ബി.ജെ.പി പിന്തുണ

മായാവതി മുഖ്യമന്ത്രിയായി പുതിയ സർക്കാർ

പിന്നീടുള്ള 25 വർഷം ബി.എസ്.പിയും എസ്.പിയും ശത്രുക്കൾ