ഒന്നാം ഏകദിനം: ഇന്ത്യയ്ക്ക് 34 റൺസിന്റെ തോൽവി
രോഹിത് ശർമ്മയുടെ സെഞ്ച്വറി പാഴായി
സിഡ്നി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 5 വിക്കറ്ര് നഷ്ടത്തിൽ 288 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കായി തകർപ്പൻ സെഞ്ച്വറിയുമായി രോഹത് ശർമ്മയും (133) അർദ്ധ സെഞ്ച്വറി നേടി എം.എസ്.ധോണിയും (51) പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 254 റൺസിൽ സന്ദർശകരുടെ വെല്ലുവിളി അവസാനിക്കുകയായിരുന്നു. 4 വിക്കറ്റുമായി കളം നിറഞ്ഞ ജെയി റിച്ചാർഡ്സണാണ് ഇന്ത്യൻ ബാറ്രിംഗിന്റെ നട്ടെല്ലൊടിച്ചത്. 10 ഓവറിൽ 2 മെയ്ഡനുൾപ്പെടെ 26 റൺസ് മാത്രം വഴങ്ങിയാണ് റിച്ചാർഡ്സൺ നായകൻ വിരാട് കൊഹ്‌ലി ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ ബാറ്റ്സ്‌മാൻമാർക്ക് മടക്ക ടിക്കറ്ര് നൽകിയതത്. റിച്ചാർഡ്സൺ തന്നെയാണ് കളിയിലെ കേമൻ. ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി.
ആസ്ട്രേലിയ ഉയർത്തിയ ഭേദപ്പെട്ട വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൾ തന്നെ മൂന്ന് മുൻനിര ബാറ്ര്‌സ്മാൻമാർ പവലിയനിൽ മടങ്ങിയെത്തി. ആദ്യ ഓവറിലെ അവസാന പന്തിൽ ശിഖർ ധവാനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി അരങ്ങേറ്റക്കാരൻ ജേസൺ ബെഹറെൻഡോർഫാണ് ഓസീസിന്റെ വിക്കറ്ര് വേട്ടയ്ക്ക് തുടക്കമിട്ടത്. നാലമത്തെ ഓവറിലെ മൂന്നാം പന്തിൽ കൊഹ്‌ലിയെ (3) സ്റ്രോയിനിസിന്റെ കൈയിൽ എത്തിച്ച് റിച്ചാർഡ്സൺ ഇന്ത്യയെ ഞെട്ടിച്ചു. ആ ഓവറിലെ തന്നെ അഞ്ചാം പന്തിൽ അമ്പാട്ടി റായിഡുവിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി റിച്ചാർഡ്സൺ ഇന്ത്യയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
എന്നാൽ തുടർന്ന് ക്രീസിലെത്തിയ മുൻനായകൻ എം.എസ്.ധോണി രോഹിതിനൊപ്പം ചേർന്ന് കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്രുകയായിരുന്നു. ഇരുവരും ഏറെ ശ്രദ്ധയോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. അതോടെ റൺറേറ്ര് കുറഞ്ഞു. പത്തോവർ അവസാനിക്കുമ്പോൾ 21/3 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്ന് രോഹിത് ബാറ്രിംഗിന് വേഗത കൂട്ടി. 26-ാമത്തെ ഓവറിൽ ഇന്ത്യൻ ഇന്നിംഗ്സ് 100 കടന്നു. ഇരുവരും നാലാം വിക്കറ്രിൽ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ബെഹ്റൻഡോർഫാണ് ഇന്ത്യൻ സ്കോർ 141ൽ വച്ച് കൂട്ട്കെട്ട് പൊളിച്ചത്. അർദ്ധ സെഞ്ച്വറി കടന്നയുടനെ ധോണിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ബെഹ്റൻഡോർഫ് കൂട്ടുകെട്ട് തകർത്തത്. 96 പന്ത് നേരിട്ട് 3 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ധോണിയുടെ ഇന്നിംഗ്സ്. ഇതിനിടെ ഏകദിനത്തിൽ ധോണി പതിനായിരം റൺസും പൂർത്തിയാക്കി. പതിനായിരം റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ധോണി. തുടർന്നെത്തിയ ദിനേഷ് കാർത്തിക്ക് (12) റിച്ചാർഡ്സണെ ക്രീസിൽ നിന്നിറങ്ങി പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ ക്ലീൻബൗൾഡായി. പിന്നീട് രോഹിതിനൊപ്പം ജഡേജ ചേർന്നു. ഇതിനിടെ രോഹിത് തന്റെ 22-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി. റിച്ചാർഡ്സണെ സിക്സടിക്കാനുള്ള ശ്രമത്തിനിടെ ജഡേജയെ ബൗണ്ടറി ലൈനിൽ മാർഷ് പിടികൂടി. സ്കോറിംഗ് വേഗം കൂട്ടിയ രോഹിതിനെ സ്റ്റോയിനിസ് മാക്സ്‌വെല്ലിന്റെ കൈയിൽ എത്തിച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലാവുകയായിരുന്നു. 129 പന്ത് നേരിട്ട് 10 ഫോറും 6 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ ക്ലാസിക്ക് ഇന്നിംഗ്സ്. വാലറ്റത്ത് കുൽദീപ് യാദവ് (3) സിഡിലിന്റെ പന്തിൽ ഖവാജയ്ക്കും മുഹമ്മദ് ഷമി (1) സ്റ്റോയിനിസിന്റെ പന്തിൽ മാക്സ്‌വെല്ലിനും ക്യാച്ച് നൽകി മടങ്ങി. 23 പന്ത് നേരിട്ട് 4 ഫോറുൾപ്പെടെ 29 റൺസുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നേരത്തേ ആസ്ട്രേലിയൻ ക്യാപ്‌ടൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടൻ ഫിഞ്ചിനെ (6) ക്ലീൻബൗൾഡാക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് നല്ല തുടക്കമാണ് നൽകിയത്. ഇതോടെ ഏകദിനത്തിൽ ഭുവനേശ്വർ 100 വിക്കറ്റും തികച്ചു. കാരേയ്‌യെ (24) കുൽദീപ് രോഹിതിന്റെ കൈയിൽ എത്തിച്ചു. തുടർന്ന് ഖവാജയും (59), ഷോൺ മാർഷും (54), ഹാൻഡ്സ്കോമ്പും (73), മാർകസ് സ്റ്റോയിനിസും (പുറത്താകാതെ 47) ഓസീസിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വറും കുൽദീപും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
15ന് അഡ്‌ലെയ്ഡിലാണ് രണ്ടാം ഏകദിനം.