ന്യൂഡൽഹി : കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം വൻ ഭീകരാക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. തീവ്രവാദികൾക്ക് ഇന്ത്യൻ മണ്ണിൽ കാലുകുത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. മോദിയുടെ ഭരണമികവിന് ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അവർ പറഞ്ഞു.
ഡൽഹിയിൽ ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
നേരത്തെ പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഴിമതിയുടെ കറ പുരളാത്ത ഒരു സർക്കാർ അധികാരത്തിലേറുന്നതെന്ന് പറഞ്ഞിരുന്നു. മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന സർക്കാർ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോയി. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ രാജ്യം അഴിമതിയിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചിരുന്നു.