കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ സഹായത്തിനായി എെ.എം.എഫിനെ സമീപിക്കില്ലെന്ന് വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ മറ്റ് വഴികൾ തേടുന്നതിനെപ്പറ്റി ആലോചിക്കുന്നതായി പാക്കിസ്ഥാൻ ധനകാര്യമന്ത്രി അസദ് ഉമർ പറഞ്ഞു. കറാച്ചിയിൽ വ്യവസായികളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാനും ചെെനയുമായുള്ള സാമ്പത്തിക ഇടനാഴിയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അടക്കമുള്ള നിർദേശങ്ങൾ എെ.എം.എഫ് മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാൻ നയം വ്യക്തമാക്കിയതെന്ന് പി.ടി.എെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏകദേശം 60 ബില്ല്യൻ അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക ഇടനാഴിയുടെ പദ്ധതിവിവരങ്ങൾ പാക്കിസ്ഥാൻ രഹസ്യമായാണ് സൂക്ഷിക്കുന്നത്. എന്നാൽ ഇന്ത്യ ഇതിനെതിരെ ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയരുന്നു. ഈ സാഹചര്യത്തിലാണ് എെ.എം.എഫ് സഹായം നൽകുന്നതിനുള്ള കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
മുമ്പ് അമേരിക്കയും ഭരണകൂടവും പാക്കിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു. എെ.എം.എഫിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ചെെനയുടെ കടം വീട്ടാൻ പാക്കിസ്ഥാനെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നിലപാട് മാറ്റം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെെന, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പാക്കിസ്ഥാൻ സഹായം ആവശ്യപ്പെട്ടിരുന്നു.