ഒരു കാലത്ത് മലയാളിയുടെ മാത്രം കുത്തകയായിരുന്ന പല തൊഴിലിടങ്ങളിലും ആത്മാർത്ഥമായി പണിയെടുത്ത് ആധിപത്യം സ്ഥാപിച്ചവരാണ് ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. എന്നാൽ ഇവരോടുള്ള മലയാളിയുടെ സമീപനം പലപ്പോഴും തെറ്റായ രീതിയിലാണെന്ന് ആക്ഷേപം ഉയരാരുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ദുരിതമനുഭവിച്ചപ്പോൾ പലയിടത്ത് നിന്നും ഇത്തരം പരാതികൾ ഉയരുകയും ചെയ്‌തു. അതേസമയം, തങ്ങൾ വളർത്തിയിരുന്ന കോഴിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പരാതിയെക്കുറിച്ച് ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായായിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ രാത്രി ഒരു 7 മണിയായിട്ടുണ്ടാകും. കുറച്ചു ഇതര സംസ്ഥാന തൊഴിലാളികൾ വീട്ടിൽ വന്നു ബെൽ അടിച്ചു.
അടുക്കളയിൽ കുറച്ചു പണിയിലായതിനാൽ ഭർത്താവും മോളും കൂടെ ഡോർ പോയി തുറന്നു.
എന്തോ ഹിന്ദി ഭാഷ സംസാരിക്കുന്നത് കേട്ടപ്പോൾ ഞാനും അങ്ങോട്ട് ചെന്നു.
"ഹമാരെ ചിക്കൻ ക്കോ കിസി നെ ലേ കർ ഗയ.."
ഇതായിരുന്നു അവർ പറയുന്നത്.
അവർ വളർത്തിട്ടിരുന്ന രണ്ട് കോഴിയെ ആരോ മോഷ്ട്ടിച്ചോണ്ട് ഇതു വഴി ഓടിയെന്നും നിങ്ങൾ അവരെ കണ്ടോ എന്നും അതിലൊരാൾ ഞങ്ങളോട് ചോദിച്ചു.
കണ്ടില്ലെന്ന് ഞാൻ പറഞ്ഞു. അടുത്ത വീട്ടിലെ പൊലീസുകാരനോട് കൂടി ഒന്ന് ചോദിക്കാൻ അവരോട് പറഞ്ഞു. അവരോടൊപ്പം അവിടെ പോയി കാര്യം പറഞ്ഞു. പക്ഷെ ആരും കണ്ടിട്ടില്ല.
എന്തൊരു കഷ്ട്ടമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജോലിയ്ക്ക് വരുന്നവരുടെ കോഴിയെ മോഷ്ട്ടിക്കാൻ മാത്രം ഗതികേട് ഉള്ള മലയാളിയോ? അവരോട് സ്നേഹം കാണിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കാതെയിരിക്കുക.
പ്രളയ സമയത്തു കമ്പിളി വിൽക്കുവാൻ നമ്മുടെ നാട്ടിൽ വന്ന ഇതര സംസ്ഥാന തൊഴിലാളി ആ കമ്പിളികൾ മുഴുവൻ പ്രളയ ദുരിതാശ്വാസത്തിന് നൽകിയത് നാം മറന്നോ??
നമ്മൾ അന്യനാട്ടിൽ ചെന്ന് ഭാഷ അറിയാതെ കഷ്ടപ്പെടുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് നമുക്ക് മനസിലാകു. ദയവു ചെയ്ത്, ഇതര സംസ്‌ഥാന തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുത്. അവർ ജീവിച്ചു പൊയ്ക്കോട്ടെ. ഒന്നും കൊടുത്തില്ലെങ്കിലും അവരെ ഉപദ്രവിക്കരുത്.
ഡോ. ഷിനു