ഷിംല: സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഹിമാചൽ പ്രദേശിലെ പാർട്ടി മുഖ്യ സംഘാടകനുമായ മൊഹർ സിംഗ് അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം. സി.പി.എം ജില്ലാ സെക്രട്ടറി സഞ്ജയ് ചൗഹാനാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഷിംലയിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചു. മൃതദേഹം ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിന് വിട്ടുനൽകും.
മൂന്ന് തവണ ഹിമാചൽ പ്രദേശിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പാർട്ടിയെ നിർണായക ശക്തിയാക്കി വളർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മൊഹർ സിംഗിന്റെ വിയോഗത്തിൽ പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി.