കൊച്ചി: ചരക്ക്-സേവന നികുതിയിൽ (ജി.എസ്.ടി) നിലവിലുള്ള രജിസ്‌ട്രേഷൻ വ്യവസ്ഥകൾ നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31വരെ തുടരും. സൂക്ഷ്‌മ - ചെറുകിട-ഇടത്തരം വ്യവസായ സംരംഭകർക്ക് ജി.എസ്.ടിയിൽ രജിസ്‌ട്രേഷൻ നേടാനുള്ള വാർഷിക വിറ്രുവരവിന്റെ പരിധി 20 ലക്ഷം രൂപയിൽ നിന്ന് 40 ലക്ഷം രൂപയാക്കി ഉയർത്തിയ കഴിഞ്ഞ ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതലാണ് നടപ്പാവുക.
20 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കേണ്ടതില്ലെന്നതാണ് നിലവിലെ വ്യവസ്ഥ. അടുത്ത സാമ്പത്തിക വർഷം മുതൽ 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളർ രജിസ്‌ട്രേഷൻ എടുക്കേണ്ട. ഇതിനകം, ജി.എസ്.ടി രിജസ്‌ട്രേഷൻ നേടിയവർ ഈ വർഷം പിരിക്കുന്ന നികുതിപ്പണം സർക്കാരിലേക്ക് കൈമാറുക തന്നെ വേണം. റിട്ടേണും സമർപ്പിക്കണം. അടുത്തവർഷം മുതൽ രജിസ്‌ട്രേഷൻ വേണ്ടെന്നതിനാൽ നികുതി പിരിക്കേണ്ടതില്ല. റിട്ടേണും സമർപ്പിക്കേണ്ട.
അതേസമയം, നിലവിൽ രജിസ്ട്രേഷനുള്ളവരും വിറ്റുവരവ് 40 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ സംരംഭകർ അടുത്തവർഷം തുടങ്ങുമ്പോൾ തന്നെ രജിസ്‌ട്രേഷൻ ഒഴിവാക്കാനുള്ള നടപടിയെടുക്കണം. കാരണം, രജിസ്‌ട്രേഷൻ തുടരുന്നിടത്തോളം കാലം സർക്കാരിലേക്ക് റിട്ടേൺ സമർപ്പിക്കേണ്ടി വരും. എന്നാൽ, രജിസ്‌ട്രേഷൻ പരിധി 20 ലക്ഷം രൂപയിൽ നിന്ന് 40 ലക്ഷം രൂപയാക്കിയ തീരുമാനം നിർബന്ധമായും നടപ്പാക്കേണ്ട ഒന്നല്ല. അതായത്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
താത്പര്യമുള്ള സംസ്ഥാനങ്ങൾ മാത്രമേ രജിസ്‌ട്രേഷൻ പരിധി 40 ലക്ഷം രൂപയായി ഉയർത്തൂ. മറ്റുള്ളവ നിലവിലെ സ്ഥിതി തുടരും. കേരളവും നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സാദ്ധ്യത. രജിസ്‌ട്രേഷൻ പരിധി 40 ലക്ഷം രൂപയാക്കാൻ എല്ലാ സംസ്ഥാനങ്ങളും തീരുമാനിച്ചാൽ 20 ലക്ഷം സംരംഭകർക്ക് നേട്ടമാകും. എന്നാൽ, സർക്കാരിന് ഇതുവഴി 5,200 കോടി രൂപയുടെ നികുതി വരുമാന നഷ്‌ടവുമുണ്ടാകും. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ രജിസ്‌ട്രേഷൻ പരിധി പത്തുലക്ഷം രൂപയാണ്. ഇത്, 20 ലക്ഷം രൂപയായി ഉയർത്താനുള്ള 'ഓപ്‌ഷനും" കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ നൽകിയിട്ടുണ്ട്.