tulsi

വാഷിംഗ്ടൺ: അടുത്ത വർഷം നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗമായ ആദ്യ ഹിന്ദു മതക്കാരി തുൾസി ഗബാർഡ് മത്സരിക്കും. ഡെമോക്രാറ്റായ സെനറ്റർ എലിസബത്ത് വാറനുശേഷം പാർട്ടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയാണ് മുപ്പത്തിയേഴുകാരിയായ ഗബാർഡ്. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജ കമലാ ഹാരിസ് ഉൾപ്പെടെ പന്ത്രണ്ടിലധികം ഡെമോക്രാറ്റ് നേതാക്കൾ 2020 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് രംഗത്തെത്തുമെന്നാണ് സൂചന. മുൻ യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെതിരെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹവായിൽ നിന്ന് നാലാം തവണയാണ് ഗബാർഡ് ജനപ്രതിനിധി സഭയിലെത്തുന്നത്. തുൾസി ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്കിടയിൽ ജനപ്രിയയാണ്. തുൾസിയുടെ അമ്മ കാരൾ പോർട്ടർ ഹിന്ദു മതവിശ്വാസിയും അച്ഛൻ മൈക് ഗബാർഡ് കത്തോലിക്കാ മത വിശ്വാസിയുമാണ്. ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവദ്ഗീതയിൽ തൊട്ടാണ് തുൾസി സത്യപ്രതിജ്ഞ ചെയ്തത്.