1. സംയുക്ത തൊഴിലാളിയൂണിയൻ ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് എൻ.ജി.ഒ പ്രവർത്തകർക്ക് സസ്‌പെൻഷൻ. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറിയും ആയ അശോകൻ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്രേ്ടറ്റിലെ അറ്റൻഡറും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആയ ഹരിലാൽ എന്നിവരെ ആണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്
2. കഴിഞ്ഞ ദിവസം കന്റോൺമെന്റ് അസിസ്റ്റൻഡ് കമ്മിഷണറുടെ ഓഫീസിൽ കീഴടങ്ങിയ ഇരുവരേയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 24 വരെ റിമാൻഡ് ചെയ്തിരുന്നു. അതേസമയം, കേസിൽ ഇനിയും പിടിയിൽ ആവാനുള്ള എൻ.ജി.ഒ യൂണിയൻ നേതാക്കളായ പ്രതികളെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കരുത് എന്ന് പൊലീസ്. ഇതു സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നേതാക്കളുടെ ഓഫീസ് മേധാവികൾക്ക് നൽകും എന്നും പ്രതികരണം
3. കൊല്ലം ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഖനനം അവസാനിപ്പിക്കാതെ സർക്കാരുമായി ചർച്ചയ്ക്കില്ല. പ്രതികരണം, ആലപ്പാട്ട് വിഷയത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെ. മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിൽ ബുധനാഴ്ച തിരുവനന്തപുരത്ത് ആണ് യോഗം
4. അശാസ്ത്രീയമായ ഖനനം പാടില്ലെന്ന നിലപാട് സർക്കാരിന് ഉള്ളത് എന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സർക്കാർ നടപ്പാക്കും എന്നും കര സംരക്ഷിക്കാൻ സർക്കാർ നടപടി എടുത്തിട്ടുണ്ട് എന്നും മന്ത്രി. പൊൻമന, ആലപ്പാട് എന്നീ ഗ്രാമങ്ങളിൽ നിന്നായി 40.46 ഹെക്ടർ ആണ് ഇന്ത്യൻ റെയർ എർത്ത് വില കൊടുത്ത് വാങ്ങി കരിമണൽ ഖനനം നടത്തുന്നത്
5. സമരത്തിന് പിന്തുണ അറിയിച്ച് സി.പി.ഐയും രംഗത്ത്. പാർട്ടി സമരത്തിന് ഒപ്പം എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പം. സമരം ന്യായമായി ചർച്ച ചെയ്ത് സർക്കാർ നടപടി എടുക്കും. ജനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമാണ് ഇത് എന്ന് പറഞ്ഞ കാനം, നിയമസഭാ കമ്മിറ്റി നൽകിയിട്ടുള്ള ശുപാർശകൾ പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കും എന്നും കൂട്ടിച്ചേർത്തു
6. കൊല്ലം ആയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ആറുപേരും മരിച്ചു. അപകടം ഉണ്ടായത് ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിന് സമീപം അകമണ്ണിൽ. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്, വടശേരിക്കര സ്വദേശികളായ സ്മിത, ഹർഷ, മിനി, അഞ്ജന, കാർ ഡ്രൈവർ അരുൺ എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആറ് പേരിൽ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
7. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് എതിർ ദിശയിൽ വടശേരിക്കരയിലേക്ക് പോയ കാർ ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പുറത്തെടുത്തത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്.
8. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റിയ നടപടി ഏകപക്ഷീയം ആയിരുന്നു എന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ. ഡയറക്ടറെ മാറ്റാൻ അധികാരപ്പെട്ട സമിതിയുടെ ഒരു യോഗം പോലും ചേരാതെ ആണ് ആദ്യം വർമയെ മാറ്റിയത്. പിന്നീട് സുപ്രീംകോടതി വിധി വന്നതിനു ശേഷം സമിതി യോഗം ചേർന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും ആവശ്യമായ രേഖകളൊന്നും പരിശോധിച്ച ശേഷം ആയിരുന്നില്ല ഈ നടപടി എന്നും ഖാർഗെ
9. സി.വി.സി റിപ്പോർട്ട് മാത്രം അടിസ്ഥാനപ്പെടുത്തി ആണ് നടപടി എടുത്തത്. ജസ്റ്റിസ് പട്നായിക്കിന്റെ റിപ്പോർട്ട് പോലും പരിശോധിക്കാൻ സമിതിയിലെ മറ്റ് അംഗങ്ങൾ തയറായില്ലെന്നും ഖാർഗെയുടെ വെളിപ്പെടുത്തൽ. കോൺഗ്രസ് ഈ വിഷയത്തിൽ ആരുടെയും പക്ഷം പിടിച്ചിട്ടില്ല. ഡയറക്ടർ നിയമനത്തിന്റെയും പുറത്താക്കലിന്റെയും മുഴുവൻ നിയമങ്ങളും പാലിക്കണം എന്നായിരുന്നു കോൺഗ്രസിന്റെ പക്ഷം എന്നും ഖാർഗെ
10. രാജി വയ്ക്കാൻ ഇടയായ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർ അലോക് വർമയും രംഗത്ത് എത്തിയിരുന്നു. തർക്കത്തിൽ സി.വി.സി ഇടപെട്ടെന്ന് ആരോപണം. അസ്താനയ്ക്ക് എതിരായ ആരോപണങ്ങൾ നീക്കണമെന്ന് സി.വി.സി അംഗം കെ.വി ചൗധരി തന്റെ വസതിയിൽ എത്തി ആവശ്യപ്പെട്ടു. പരാമർശങ്ങൾ നീക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ചൗധരി ഉറപ്പ് നൽകി എന്നും വെളിപ്പെടുത്തൽ. സി.വി.സി അന്വേഷണ മേൽനോട്ട ചുമതല ഉണ്ടായിരുന്ന ജസ്റ്റിസ് പട്നായിക്ക്, അലോക് വർമയെ പിന്തുണച്ചതിന് പിന്നാലെ ആണ് പുതിയ പ്രതികരണം
11. ഓസ്‌ട്രേലിയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ പൊരുതി തോറ്റ് ഇന്ത്യ. ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയത്, 34 റൺസിന്. 289 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. ഇതോടെ പരമ്പരയിൽ ഓസ്‌ട്രേലിയ മുന്നിലെത്തി. തുടക്കത്തിൽ ബാറ്റിംഗിൽ തകർന്ന ഇന്ത്യയെ എം.എസ് ധോണിയും രോഹിത് ശാർമയും ചേർന്ന് കളിയിലേക്ക് തിരികെ കൊണ്ടു വന്നെങ്കിലും ഫലമുണ്ടായില്ല.
12. 129 പന്തിൽ നിന്ന് 133 റൺസ് എടുത്ത രോഹിത് ശർമയുടെ 22ാം സെഞ്ച്വറിയാണിത്. 51 റൺസ് എടുത്ത് എം.എസ് ധോണിയും മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണർ ശിഖർ ധവൻ, നായകൻ വിരാട് കൊഹ്ലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റ് തുടക്കത്തിലെ ഇന്ത്യയ്ക്ക് നഷ്ടമായി. ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്, 73 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്‌കോംപ്. ഉസ്മാൻ ഖ്വാജയ്ക്കും ഷോൺ മാർഷിനും അർദ്ധസെഞ്ച്വറി.