alokvarma

ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമ്മയെ നീക്കിയത് തിടുക്കത്തിലാണെന്നും അദ്ദേഹത്തിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ തെളിവുകളില്ലെന്നും ജസ്റ്റിസ് എ.കെ. പട്നായിക് പറഞ്ഞു. അലോക് വർമ്മയ്ക്കെതിരെയുള്ള കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്രവിജിലൻസ് കമ്മിഷന്റെ മേൽനോട്ട ചുമതലയുള്ള സുപ്രീം കോടതി മുൻ ജഡ്‌ജിയാണ് ജസ്റ്റിസ് പട്‌നായിക്. സി.വി.സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റേതല്ലെന്നും പട്‌നായിക് വ്യക്തമാക്കി.

അലോക് വർമ്മയെ നീക്കിയ ഉന്നതാധികാര സമിതി തീരുമാനം തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ പ്രത്യേക ഡയറക്ടർ രാകേഷ് അസ്താനയുടെ പരാതിയിലാണ്. എന്നാൽ രാകേഷ് അസ്താന നേരിട്ട് ഹാജരായി മൊഴി നൽകിയിട്ടില്ല. അസ്താനയുടെ മൊഴി എന്ന പേരിൽ അദ്ദേഹം ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നൽകുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ.പട്‌നായിക് വ്യക്തമാക്കി.

ഈ മാസം 31-ന് വിരമിക്കാനിരിക്കെയാണ് വ്യാഴാഴ്ച അലോക് വർമ്മയെ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയത്. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് നിർബന്ധിത അവധിയിൽ പ്രവേശിച്ച വർമ്മ സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് സി.ബി.ഐ. ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തി 48 മണിക്കൂറിനകം പുറത്താക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് എ.കെ. സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ എന്നിവരുൾപ്പെട്ട ഉന്നതാധികാര സമിതിയുടേതായിരുന്നു തീരുമാനം. എന്നാൽ പുറത്താക്കൽ നടപടിയോട് ഖാർഗെ വിയോജിച്ചിരുന്നു.

കഴിഞ്ഞവർഷം ആഗസ്റ്റിൽ അസ്താന നൽകിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി വിജിലൻസ് കമ്മിഷന് കൈമാറിയത്. കാബിനറ്റ് സെക്രട്ടറിയുടെ ആഗസ്റ്റ് 24-ലെ കുറിപ്പിൽ വർമ്മയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്നായിക്കിന്റെ നേതൃത്വത്തിൽ സി.വി.സി. അന്വേഷിച്ചത്. റിപ്പോർട്ടിൽ വർമ്മയ്‌ക്കെതിരെ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കാൻ ഉന്നതാധികാരസമിതി തീരുമാനിച്ചത്.