ss

മനാമ: ബഹ്‌റൈൻ പ്രവാസികളുടെ വിമാനയാത്രാ ആവശ്യങ്ങൾ ഉന്നയിച്ച് യാത്രാ അവകാശ സംരക്ഷണ സമിതി ബഹ്‌റൈനിലെ എയർ ഇന്ത്യ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഈ വേനലവധി മുതൽ ബഹ്‌റൈനിൽ നിന്ന് നേരിട്ട് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് കൺട്രി മാനേജർ സാക്കത്ത് സരൺ, സെയിൽസ് മാനേജർ നാരായണ മേനോൻ എന്നിവർ അറിയിച്ചു.

മൃതദേഹം കൊണ്ടു പോകുന്നതിന് യു.എ.ഇയിലെ അടിസ്ഥാന നിരക്കിനു തുല്യമായി 150 ദിനാർ ആക്കണമെന്ന ആവശ്യം എയർ ഇന്ത്യ അധികതൃതരെ അറിയിക്കാമെന്ന് സാക്കത്ത് സരൺ ഉറപ്പു നൽകി. ഇപ്പോഴത്തെ നിരക്ക് 225 ദിനാർ ആണ്. വിസ മെസ്സേജ് ഓൺലൈൻ വഴിയാക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് ബഹ്‌റൈനിൽ നിന്ന് എയർ ഇന്ത്യ എക്‌പ്രസ് സർവീസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയും ബഹ്‌റൈൻ- മംഗലാപുരം സർവീസ് കേരളത്തിലേക്ക് കണക്ട് ചെയ്യാനുള്ള നിർദ്ദേശവും ചർച്ചയായി. യാത്ര സമിതി അഡ്വൈസർ കെ.ടി. സലിം, ജനറൽ കൺവീനർ അജി ഭാസി, ട്രഷറർ സുനിൽ തോമസ് റാന്നി , കോർഡിനേറ്റർ ബദറുദ്ദീൻ പൂവാർ എന്നിവർ പങ്കെടുത്തു.