കോഴിക്കോട്: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തിയ സ്വാതന്ത്ര്യസമര പോരാളിയാണ് മോഹൻ ദാസ് കരംചന്ദ് ഗാന്ധി. എന്നാൽ അദ്ദേഹത്തിന് രാഷ്ട്രപിതാവ് പദവി നൽകേണ്ടിയിരുന്നില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡി.സി ബുക്സ് സംഘടിപ്പിച്ച കേരളാ ലിറ്ററേച്ചർ ഫെസ്റ്രിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാഹിത്യത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിലാണ് തന്റെ നിലപാടുകൾ അരുന്ധതി റോയ് തുറന്നു പറഞ്ഞത്. ഗാന്ധിയുടെ വംശീയ മുൻവിധിയെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോഴാണ് പുറത്തേക്ക് വന്നത്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് അംബേദ്കറിന്റെ വാദത്തിന് മുന്നിൽ ഫലപ്രദമായ ഒരു മറുവാദം ഉയർത്താൻ ഗാന്ധിക്ക് കഴിഞ്ഞില്ല. ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ബുദ്ധിശാലിയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ഇന്ത്യയിൽ രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ജാതിവ്യവസ്ഥയെക്കുറിച്ചും വംശീയ വിവേചനത്തെക്കുറിച്ചുമുള്ള ഗാന്ധിയുടെ നിലപാടുകൾ പരിശോധിക്കേണ്ടതാണെന്നും അരുന്ധതി വ്യക്തമാക്കി.
ഗാന്ധി നടത്തിയ ആഫ്രിക്കയിലെ സമരങ്ങൾ മിക്കതും കറുത്ത വർഗക്കാരെയും ഇന്ത്യക്കാരെയും ഒരേപോലെ കാണുന്നതിനെതിരെയായിരുന്നു. ബ്രിട്ടീഷുകാരും ഇന്ത്യക്കാരും ഒന്നിച്ചു നിൽക്കേണ്ടവരാണെന്ന തരത്തിലായിരുന്നു ഗാന്ധിയുടെ ആദ്യ നിലപാട്. ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് കൊണ്ടാണ് ഘാന സർവകലാശാലയിൽ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാൻ വേണ്ടി സമരം നടന്നത്. ഗാന്ധിയുടെ ചില നിലപാടുകൾ ചരിത്രപരമായി തെറ്റാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.